സാലിസ്ബറി : പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം സാലിസ്ബറിയിൽ ആചരിച്ചു . മെയ് മാസം 15 ന് സാലിസ്ബറിയിലെ ഹോളി റെഡിമിർ കാത്തോലിക് പള്ളിയിൽ വച്ച് നടത്തപ്പെട്ട തിരുന്നാൾ കർമ്മങ്ങളിൽ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു . ബഹുമാനപ്പെട്ട വികാരിയച്ചൻ റ്റോമി ചിറയ്ക്കൽ മണവാളൻ അച്ചൻ തിരുനാൾ കുർബാനയർപ്പിച്ച് തിരുനാൾ സന്ദേശം നൽകി . രാജേഷ്‌ ടോംസിന്റെയും ജ്യോതി മെൽവിന്റെയും നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ തിരുന്നാളിനെ കൂടുതൽ ഭക്തിസാന്ദ്രമാക്കി .

തിരുനാൾ ആഘോഷങ്ങൾക്ക് ജെയ്സൺ ജോണിന്റെ നേതൃത്തിലുള്ള പള്ളി കമ്മറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു . പുതിയ 200 ൽ പരം കുടുംബങ്ങൾകൂടി സലിസ്ബറിയിൽ എത്തിച്ചേർന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്റെ അനുഭവമായിരുന്നുവെന്ന് കൈക്കാരൻ ജയ്സൺ ജോണും പ്രസിദേന്തി കുര്യാച്ചൻ സെബാസ്റ്റിനും പങ്കുവച്ചു . ജപമാല പ്രാർത്ഥനയോടുകൂടി തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായി . തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണവും നടന്നു . സ്‌നേഹവിരുന്നോടുകൂടി ഈ വർഷത്തെ തിരുനാൾ സമാപിച്ചു .