കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സംവിധായകൻ വിനയന് അനുകൂലമായ ഉത്തരവിന് എതിരെ നീങ്ങിയ ഫെഫ്കയ്ക്കും അനുബന്ധ സംഘടനകൾക്കും സുപ്രീംകോടതിയുടെ തിരിച്ചടി. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിനയന് അനുകൂലം ആണെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയൻ സംഘടനകൾ ആണെന്നും അതിനാൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഈ തർക്കത്തിൽ ഇടപെടാൻ കഴിയില്ല എന്നും ഫെഫ്ക സംഘടനകൾക്ക് വേണ്ടി ഹാജർ ആയ കെ പരമേശ്വർ, സൈബി ജോസ്, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. എന്നാൽ, ട്രേഡ് യൂണിയൻ ആക്ടും, കോമ്പറ്റീഷൻ ആക്ടും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി.
2017 മാർച്ചിലാണ് വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിൽ സിനിമ താരങ്ങളുടെ സംഘടന ആയ അമ്മയ്ക്ക് നാല് ലക്ഷത്തി അറുപത്തി അഞ്ച് രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85594 രൂപയും ഡയറക്ടേഴ്‌സ് യൂണിയന് 386354 രൂപയും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയന് 56661 രൂപയും പിഴ ചുമത്തിയിരുന്നു.
ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നിവർക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ പിഴ തുക പൂർണ്ണമായും സംഘടനകൾ വിനയന് നൽകേണ്ടി വരും. വിനയന് വേണ്ടി അഭിഭാഷകൻ ഹർഷദ് ഹമീദ് ആണ് സുപ്രീം കോടതിയിൽ ഹാജർ ആയത്.
Leave a Reply