ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു. ഉടൻ തന്നെ എഡിജിപി എ .ആർ അജിത് കുമാർ മാധ്യമങ്ങളെ കാണും .

അതേസമയം കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ച് ഷാരോണും പെണ്‍കുട്ടിയുമായിട്ടുള്ള ശബ്ദസംഭാഷണങ്ങളും വാട്സആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കഷായം കുടിച്ചശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായെന്ന് വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിക്കയച്ച ശബ്ദസംഭാഷണത്തില്‍ പറയുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് പെണ്‍കുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുമുണ്ട്.

ചികിത്സയിലായിരിക്കെ 25നാണ് ഷാരോണിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.