അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഷൂട്ടൗട്ട് ഇല്ലാത്തതിനാൽ എട്ടു മണിക്കു തുടങ്ങുന്ന കളി 10 മണിക്കു തീരും.
ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. രണ്ടും ഷൂട്ടൗട്ടിലേക്കോ സഡൻ ഡെത്തിലേക്കോ പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ രാത്രി എത്രമണി വരെ മൽസരം നീളുമെന്ന് പറയാൻ സാധിക്കില്ല.

ഐഎസ്എൽ മൽസരങ്ങളിലെ കാണികളുടെ വൻ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിക്കു സെമിഫൈനൽ സാധ്യതയുണ്ടെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഒരുക്കങ്ങളിലെ മെല്ലെപ്പോക്കും ലോകകപ്പ് എന്ന വലിയ ടൂർണമെന്റിന്റെ പ്രാധാന്യം ശരിയായ അർഥത്തിൽ മനസ്സിലാക്കാത്തതുമാണ് സെമിഫൈനൽ നഷ്ടമാകാൻ കാരണം എന്നാണ് സൂചന.

സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.