ഗുവാഹട്ടി: അസുലഭമായൊരു അട്ടിമറി വിജയത്തിന്റെ വക്കിലെത്തി ഇന്ത്യ. ഒടുവിൽ എല്ലാം കളഞ്ഞുകുളിച്ച് തോറ്റ് മടങ്ങി. 2022 ഖത്തർ ലോകകപ്പിന്റെ യോഗ്യതാ ഫുട്ബോളിൽ സ്വന്തം മണ്ണിൽ തോൽവിയോടെ തുടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
ഒന്നാം പകുതിയിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യ ഒമാനോട് ഒന്നിനെതിരേ രണ്ട് ഗോളിന് തോറ്റത്. ഇരുപത്തിനാലാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിത്തന്നത്. എന്നാൽ, അവസാന എട്ട് മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങി ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ഇരട്ട ഗോൾ നേടിയ ഇടതുവിംഗർ റാബിയ അലാവി അൽ മന്ദാറാണ് ഇന്ത്യയുടെ സ്വപ്നം തല്ലിക്കെടുത്തിയത്.
ഇരുപത്തിനാലാം മിനിറ്റിൽ ഒമാനെ ഞെട്ടിച്ചുകൊണ്ടാണ് ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ബോക്സിന് ലംബമായി പാഞ്ഞ ബ്രാൻഡൻ ഫെർണാണ്ടസിന്റെ ഒരു ക്രോസ് ഞെട്ടിക്കുുന്നൊരു ഷോട്ടിലൂടെ വലയിലേയ്ക്ക് പായിക്കുകയായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾയന്ത്രം. നിറഞ്ഞുകവിഞ്ഞ ഒമാൻ പ്രതിരോധത്തിന്റെ ഇടയിലൂടെയാണ് ഛേത്രി വെടിയുണ്ട പായിച്ചത്. ഇന്ത്യയ്ക്കുവേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഛേത്രിയുടെ എഴുപത്തിമൂന്നാം ഗോളാണിത്.
ഇതിന് മുൻപ് രണ്ടു തവണ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലക്ഷ്യം തെറ്റിയത്. ഒരിക്കൽ ഉദാന്ത സിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയപ്പോൾ ജിംഗന്റെ ഒരു ഹെഡ്ഡർ ബാറിൽ ഉരസി പുറത്തേയ്ക്ക് പോയി.
അട്ടിമറി പ്രതീക്ഷിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു റാബിയുടെ സമനില ഗോൾ. മധ്യനിരയിൽ നിന്നു വന്ന പന്ത് ഓടി പിടിക്കുമ്പോൾ ബോക്സിൽ ഗോളിയും രാഹുൽ ബെക്കെയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഡ്വാൻസ് ചെയ്തു വന്ന ഗുർപ്രീതിന് റാബിയെ തടയാനായില്ല. ഗോളിയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ട പന്ത് സുരക്ഷിതമായി വലയിൽ.
ഈ ഞെട്ടലിൽ നിന്ന് മുക്തരാകും മുൻപ് തന്നെ ഒമാൻ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് പ്രഹരമേൽപിച്ചു. ഇടതു ബോക്സിന്റെ അറ്റത്ത് നിന്ന് ലഭിച്ച പന്തുമായി ചാട്ടൂളിപോലെ കയറിയ മന്ദാർ സ്ഥാനം തെറ്റിനിൽക്കുന്ന ഗുർപ്രീതിനെ കബളിപ്പിച്ച് ഒരു ഡയഗണൽ ഷോട്ട് തൊടുക്കുകയായിരുന്നു വലയിലേയ്ക്ക്. ഗുർപ്രീതിന്റെ ഒരു ഫുൾ ലെംഗ്ത്ത് ഡൈവിന് അത് തടയാനായില്ല. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഒമാൻ മുന്നിൽ.
പുതിയ കോച്ച് സ്റ്റിമാക്ക് പകർന്ന അതിവേഗ പാസുകളുമായി പലപ്പോഴും മേധാവിത്വം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഇന്ത്യയ്ക്ക് വിനയായത് നിസാരമായ ചില പിഴുവുകളാണ്. രണ്ടാം പകുതിയുടെ ഒടുക്കം തളർന്നുപോയ താരങ്ങളാണ്, പ്രത്യേകിച്ച് പ്രതിരോധനിര തോൽവിക്ക് വഴിവച്ചത്. രാഹുൽ ബെക്കെയുടെ ഇത്തരം രണ്ട് പിഴവുകളുടെ ശിക്ഷയാണ് റാബി അടിച്ചുകയറ്റിയ ഗോളുകൾ രണ്ടും. ഇതിന് മുൻപ് മൂന്ന് തവണയെങ്കിലും ഇന്ത്യയെ രക്ഷിച്ചത് ഗുർപ്രീതാണ്. ക്ലോസ് റേഞ്ചിൽ നിന്നുള്ള മൂന്ന് ഹെഡ്ഡറുകളാണ് അവിശ്വസനീയമായി ഗുർപ്രീത് രക്ഷപ്പെടുത്തിയത്. ഒരിക്കൽ ഥാപ്പയുടെ ഒരു സെൽഫ് ഗോളിൽ നിന്നും ഇന്ത്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മറുഭാഗത്ത് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു ഇന്ത്യയ്ക്ക്. ഒന്നാം പകുതിയിൽ തന്നെ ഉദാന്തയുടെ ഒരു ഷോട്ടിന് മുന്നിൽ ക്രോസ് ബാർ വില്ലനായി. ഏറെ വൈകാതെ ജിംഗാന്റെ ഒരു ഹെഡ്ഡർ ഇതേ ക്രോസ് ബാറിനോട് ചേർന്ന് പുറത്തേയ്ക്ക് പറന്നു. രണ്ടാം പകുതിയിൽ ഒരു ഡിഫ്ലക്ഷൻ കണക്ട് ചെയ്യാൻ ബോക്സിൽ കുതിച്ചെത്തിയ മൻവീറിന് കഴിഞ്ഞിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.
ഈ ജയത്തോടെ ഒമാൻ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. പത്തിന് ദോഹയിൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്നു തന്നെ ഒമാൻ സ്വന്തം നാട്ടിൽ അഫ്ഗാനിസ്താനെ നേരിടും.
Leave a Reply