ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മെർസിസൈഡ് ഹോട്ടലിന് പുറത്തുണ്ടായ സംഘർഷത്തിൽ 15 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സംഭവം. അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലാണിത്. നോസ്‌ലിയിൽ സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് ആളുകൾക്കും പരിക്കേറ്റു. ഒരു പോലീസ് വാൻ കത്തിക്കുകയും പലതരത്തിലുള്ള വസ്തുക്കൾ ഉദ്യോഗസ്ഥർക്ക് നേരെ എറിയുകയും ചെയ്തു.

13 നും 54 നും ഇടയിൽ പ്രായമുള്ള 13 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും അക്രമാസക്തമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്യൂട്ട്സ് ഹോട്ടലിന് പുറത്ത് സമാധാനപരമായാണ് പ്രതിഷേധം അരങ്ങേറിയത്. എന്നാൽ ഒരുകൂട്ടം ആളുകൾ കടന്നു വന്നതോടെ പ്രതിഷേധം അക്രമസക്തമാകുകയായിരുന്നു. ചുറ്റികകളും പടക്കങ്ങളുമായി കൂട്ടമായി ആളുകൾ ഒത്തുക്കൂടുകയായിരുന്നു എന്ന് ഹെഡ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. സംഭവത്തെ അപലപിച്ചു ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സെക്രട്ടറി ട്വീറ്റിൽ വ്യക്തമാക്കി. പ്രദേശത്ത് 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞാ ഏർപ്പെടുത്തിയിരിക്കുകയാണ്. ലജ്ജാകരവും ഭയാനകവുമാണ് ഈ സംഭവമെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. എന്നാൽ ഭീഷണികളെ തള്ളിക്കളഞ്ഞത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Leave a Reply