ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷ്‌ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി നല്‍കാനാവില്ലെന്നു കസ്‌റ്റംസ്‌ അറിയിച്ചതോടെ സ്വന്തം നിലയില്‍ മുന്നോട്ടുപോകാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ നീക്കം. കസ്‌റ്റംസിനു സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയും ഇപ്പോള്‍ ഇ.ഡിയുടെ കേസില്‍ നല്‍കിയ രഹസ്യമൊഴിയും തമ്മില്‍ വൈരുധ്യമുണ്ടോ എന്നറിയാനാണു പകര്‍പ്പ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പകര്‍പ്പുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണു കസ്‌റ്റംസ്‌ ഇന്നലെ കോടതിയില്‍ സ്വീകരിച്ചത്‌.

നേരത്തെ സ്വര്‍ണക്കടത്തു കേസില്‍ കസ്‌റ്റംസിനെ മറികടന്നായിരുന്നു ഇ.ഡിയുടെ അന്വേഷണം പോയത്‌. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ എം. ശിവശങ്കറിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ ആദ്യം കസ്‌റ്റംസ്‌ മടിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്ന ശിവശങ്കറിനെ ഇ.ഡി. അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം കസ്‌റ്റംസ്‌ പ്രതീക്ഷിച്ചതുമല്ല. കസ്‌റ്റംസും പുറകേ എത്തിയെങ്കിലും കസ്‌റ്റഡിയിലെടുത്ത എം. ശിവശങ്കറിനെ വിട്ടുകൊടുക്കാന്‍ ഇ.ഡി. തയാറായില്ല. ഇതു കസ്‌റ്റംസിനു നാണക്കേടായി.

സ്വര്‍ണക്കടത്തു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍, ഡോളര്‍ കടത്തു കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണു കസ്‌റ്റംസ്‌ ഇന്നലെ കോടതിയെ അറിയിച്ചത്‌. സ്വര്‍ണക്കടത്തില്‍ സംഭവിച്ചതുപോലെ ഡോളര്‍ കടത്തുകേസിലും ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം കസ്‌റ്റംസ്‌ തള്ളിക്കളയുന്നില്ല. സ്വപ്‌ന കുറ്റം ആരോപിക്കുന്ന ചിലരെയെങ്കിലും വിളിപ്പിച്ചു ചോദ്യംചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്‌. ഇവരുടെ പങ്കു തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളും സ്വപ്‌ന ഇ.ഡിയെ അറിയിച്ചതായാണു വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുക്കുന്ന നിലപാടും ഇ.ഡിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. കേരളത്തില്‍ സി.പി.എം. സര്‍ക്കാരിനെയും നേതാക്കളെയും വിവാദനിഴലില്‍ നിലനിര്‍ത്തി കേസ്‌ മുന്നോട്ടുകൊണ്ടുപോകാനാവും ബി.ജെ.പി. ശ്രമിക്കുക. പാര്‍ലമെന്റ്‌് തെരഞ്ഞടുപ്പു വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാനും സാധ്യതയുണ്ട്‌. മുഖ്യമന്ത്രിയില്‍നിന്നു മൊഴിയെടുക്കുന്നതുവരെ ഇ.ഡിയുടെ നടപടികള്‍ നീണ്ടുപോകാമെന്ന കണക്കുകൂട്ടല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുമുണ്ട്‌.

എന്നാല്‍, സ്വപ്‌നയുടെ ആരോപണം മാത്രം വച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ ഇ.ഡിയ്‌ക്കു താല്‍പര്യമില്ല. അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഉന്നതതലത്തിലേക്ക്‌ അന്വേഷണം എത്തുകയുള്ളൂ. അതിനു കൂടുതല്‍ സമതം ആവശ്യമാണ്‌. സ്വപ്‌നയുടെ മൊഴികളില്‍ പൊരുത്തക്കേട്‌ നിരവധിയാണ്‌. ഇ.ഡിയുടെ നടപടികളെ ആരോപണ വിധേയര്‍ കോടതിയില്‍ ചോദ്യംചെയ്യാനും സാധ്യതയേറെ. അപ്പോള്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും പരിശോധിച്ച ശേഷമാകും ഇ.ഡി. തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക.