ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ 12 അമേരിക്കൻ നിർമ്മിത F-35A ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തീരുമാനിച്ചതോടെ രാജ്യം ആണവ നിരായുധീകരണ കരാറായ NPT (ന്യുക്ക്ലിയർ നോൺ-പ്രൊലിഫറേഷൻ ട്രീറ്റി) ലംഘിക്കുന്നതായി ആരോപണം ഉയർന്നു. ഈ വിമാനങ്ങൾ സാധാരണ ആയുധങ്ങൾക്ക് പുറമെ യുഎസിന്റെ B61-12 ആണവ ബോംബുകൾക്കും ഉപയോഗിക്കാനാകുമെന്നതിനാലാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു . ഇതോടെ 1998-ന് ശേഷം ആദ്യമായി റോയൽ എയർ ഫോഴ്സിന് (RAF) ആണവ ചുമതല തിരികെ വരുമെന്ന് വിലയിരുത്തപ്പെടുന്നു.
ആണവായുധ വ്യാപനം അവസാനിപ്പിക്കുകയും നിരായുധീകരണത്തിന് മുന്നോട്ട് പോകുകയും ചെയ്യണമെന്ന് നിർബന്ധിക്കുന്ന NPT-യുടെ ആറാം ആർട്ടിക്കിൾ ഇതിലൂടെ ലംഘിക്കപ്പെടുന്നതാണെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ. ക്രിസ്റ്റിൻ ചിൻകിൻ, ഡോ. ലൂയിസ് അരിമാറ്റ്സു എന്നിവർ ആരോപിച്ചു . സർക്കാരിന്റെ തീരുമാനം കപടമായ നടപടിയാണ് എന്നും അവർ ആരോപിച്ചു. “അന്താരാഷ്ട്ര നിയമലംഘനവും ആണവ ഭീഷണികളുടെ വർദ്ധനയും എന്നാണ് സി എൻ ഡി ജനറൽ സെക്രട്ടറി സോഫി ബോൾട്ട്, ഇതേ കുറിച്ച് അഭിപ്രായപ്പെട്ടത്. കൂടാതെ പാർലമെന്ററി ചര്‍ച്ചയോ പരിശോധനയോ കൂടാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതും അവർ വിമർശിച്ചു.
അതേസമയം, ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, ദേശസുരക്ഷയ്ക്കായി F-35A വാങ്ങൽ അനിവാര്യമാണെന്നും, NPT കരാറിലെ എല്ലാ ബാധ്യതകളും രാജ്യം പാലിക്കുന്നുണ്ടെന്നും ഉറപ്പു നൽകി. എന്നാൽ നാറ്റോ ആണവ ദൗത്യത്തിലേക്ക് ബ്രിട്ടനെ തിരിച്ചെത്തിക്കുന്ന ഈ നീക്കം, അന്താരാഷ്ട്ര തലത്തിൽ പുതിയ ആണവ ആയുധ മത്സരം ശക്തമാകുന്ന സാഹചര്യമാണ് നടക്കുന്നത്. ഇതോടെ, ലോകം വീണ്ടും ശീത യുദ്ധകാലത്തെ പോലെ ആണവായുധങ്ങൾ നിറഞ്ഞ അപകടകരമായ വഴിയിലേയ്ക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Leave a Reply