ആദ്യ ആർത്തവ സമയത്ത് ആചാരത്തിന്റെ പേരിൽ ഓലഷെഡിലേക്കു മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിൽ തെങ്ങു വീണു മരിച്ചു. തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ട അനയ്ക്കാടു ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. വിജയ(12)യ്ക്കാണു ദാരുണാന്ത്യം. ഓലക്കുടിലിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആചാരം ലംഘിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരം വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ചുഴലിക്കാറ്റ് കനത്തപ്പോൾ പെൺകുട്ടി പേടിച്ച് അലറിക്കരയുന്നതു കേട്ടതായി അയൽക്കാർ പറഞ്ഞു.
ആദ്യ ആർത്തവ സമയത്തു പെൺകുട്ടികളെ വീടിനു പുറത്തു താമസിപ്പിക്കണമെന്നാണു സമുദായത്തിന്റെ ആചാരമെന്നും അപകടമുണ്ടാകുമെന്നു കരുതിയില്ലെന്നും വിജയയുടെ അച്ഛൻ സെൽവരാജ് കണ്ണീരോടെ പറയുന്നു. സെൽവരാജ് കൃഷിക്കാരനാണ്. അമ്മയും ഇളയ സഹോദരനുമാണു കുടുംബത്തിലെ മറ്റംഗങ്ങൾ. മൂത്ത സഹോദരൻ കഴിഞ്ഞ വർഷം പാമ്പു കടിയേറ്റു മരിച്ചു.
ആർത്തവ സമയത്ത് ഒരാഴ്ച മുതൽ 16 ദിവസം വരെ പെൺകുട്ടികൾ പുറത്തുകഴിയണമെന്ന ആചാരമാണു മേഖലയിലെ വിവിധ സമുദായങ്ങളിൽ ഉള്ളത്. വിജയയുടെ സമുദായത്തിൽ ഇതു 16 ദിവസമാണെന്നു പൊലീസ് പറഞ്ഞു. മരണത്തിൽ കേസെടുത്തിട്ടില്ല.
Leave a Reply