കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം. തിക്കിലും തിരക്കിലു൦ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം. പരിപാടി പോലീസ് ഇടപെട്ട് റദ്ദാക്കി.

പെയിൻ ആൻറ് പാലിയേറ്റീവ് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.

സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത പരിപാടിക്കിടെ തിരക്ക് വര്‍ധിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഞായറാഴ്ച അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.