വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.
Leave a Reply