ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ.

ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ പടരുന്ന ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസ് (B.1.617) ഇന്ത്യയിൽ നിന്നും ലഭിച്ചതാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു. മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈയവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്ന ഇൻഡ്യാ സന്ദർശന പദ്ധതി വിവാദമായത്. ഏപ്രിൽ 25 ന് ബോറിസ് ഇന്ത്യയിലെത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. പോസിറ്റീവ് കേസുകളിൽ 771 എണ്ണം ഈയിനത്തിൽ പെട്ടതാണെന്ന് ഇന്ത്യയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുകയും ചെയ്തതിന് ശേഷമാണിത്. പ്രതിദിനം ഒന്നരലക്ഷത്തിലധികം
റിപ്പോർട്ട്എ ചെയ്തുകൊണ്ടിരുന്ന സമയത്തും ഉയർന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബ്രിട്ടൻ സന്ദർശനം പുനഃപരിശോധിച്ചില്ല. പുതിയ ഇനത്തിൽപ്പെട്ട 103 കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തതിനുശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയത്.

പകർച്ചവ്യാധി നിയന്ത്രണകാലത്ത് റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ സമയം അതിക്രമിച്ചിട്ടുപോലും ഇന്ത്യയെ പെടുത്താതിരുന്നതും സമ്മർദ്ദത്തിനു ശേഷം മാത്രം സന്ദർശനം റദ്ദാക്കിയതും നിരുത്തരവാദപരമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കുപരി വാണിജ്യതാത്പര്യങ്ങൾ മാത്രം പരിഗണിച്ചതുകൊണ്ടാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.