കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതു വരെയുള്ള മുഴുവൻ ദൃശ്യങ്ങളും പുറത്ത്. വൈകിട്ട് അഞ്ച് നാല്പതോടെ പള്ളിയിലെത്തിയ മിഷേൽ ആറുപന്ത്രണ്ടിന് ഇവിടെ നിന്ന് മടങ്ങിയെന്നാണ് പൊലീസ് നിഗമനം. 7 സിസിടിവി ക്യാമറളിൽ നിന്ന് പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.
കാണാതായ ദിവസം, അതായത് അഞ്ചാംതീയതി വൈകിട്ട് അഞ്ചുമണിക്ക് ശേഷം കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ ഷാജി അഞ്ച് നാല്പതോടെ കലൂർ പള്ളിക്ക് മുന്നിലെ റോഡിലെത്തിയെന്നാണ് പൊലീസ് നിഗമനം. വിദൂരദൃശ്യമാണെങ്കിലും പള്ളിയിലെ ക്യാമറയിൽ ഇത് വ്യക്തമാണ്. സിസിടിവി ക്യാമറകളിലെ സമയം വ്യത്യസ്തമായതിനാൽ എല്ലാ ക്യാമറകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഏകദേശ സമയം കണക്കാക്കിയത്. പള്ളിയിലെ ആരാധാനാ ഹാളിലേക്ക് കയറിയ മിഷേൽ ഇവിടെ ഇരുപത് മിനിറ്റ് ചെലവഴിച്ചു. പിന്നീട് പുറത്തിറങ്ങി വന്ന വഴിയിലൂടെ , കുരിശ്പള്ളിക്ക് മുന്നിലെത്തി , പ്രാർഥിച്ചു. ഇവിടുത്തെ രണ്ടു ക്യാമറകളിൽ മിഷേലിൻറെ മുഖം വ്യക്തമാണ്.
ഇതിന് ശേഷം പുറത്ത് റോഡിലേക്കിറങ്ങി ഇടത് ഭാഗത്തേക്ക് പോയി. രണ്ടുമിനിറ്റിനുള്ളിൽ തിരികെ നടന്ന് വലത് ഭാഗത്തേക്ക് തിരിച്ചുപോയി. ഏകദേശം ആറ് മണി കഴിഞ്ഞ പന്ത്രണ്ട് മിനിറ്റോടെയാണിതെന്ന് പൊലീസ് കണക്കുകൂട്ടുന്നു. തിരിച്ചുവരുമ്പോൾ മിഷേൽ കയ്യിലുള്ള ബാഗ് തുറന്നടയ്ക്കുന്നുണ്ട്. ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയോ എന്ന സംശയമാണ് പൊലീസിനുള്ളത്. എന്നാൽ മിഷേൽ ആരെയെങ്കിലും കണ്ട് ഭയന്ന് തിരിച്ചുപോകുന്നതാണോ എന്നാണ് ബന്ധുക്കളുടെ സംശയം. 7 സിസിടിവിക്യാമറകളിൽ നിന്നായി ശേഖരിച്ച അരമണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.