ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനു സമീപം കാല്‍നടയാത്രക്കാര്‍ക്കു മേല്‍ വാന്‍ പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് അറിയിച്ചത്. 12.20ഓടെയാണ് സംഭവമുണ്ടായത്. അപകടമാണോ അതോ മനപൂര്‍വം വാഹനം ഇടിച്ചു കയറ്റിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലണ്ടന്‍ ഭീകരാക്രമണത്തിലും വാഹനം ഇടിച്ചു കയറ്റിയിരുന്നതിനാല്‍ സ്ഥലത്ത് സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വാന്‍ ഓടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

രണ്ട് മുസ്ലീം പള്ളികള്‍ക്ക് സമീപമാണ് സംഭവമുണ്ടായത്. പള്ളികളില്‍ എത്തിയ നിരവധി പേര്‍ക്ക് പരിക്കേറ്റതായി മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് അയച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഒട്ടേറെപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ വാഹനത്തിന്റെ കീഴില്‍ കുടുങ്ങിയിരുന്നു. പോലീസുകാര്‍ വാഹനം ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പാരാമെഡിക്കല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെസ്റ്റ്മിന്‍സ്റ്ററിലും ലണ്ടന്‍ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളില്‍ ജനങ്ങള്‍ക്കു നേരേ വാഹനമിടിച്ചു കയറ്റുകയായിരുന്നു ആദ്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭീതിയിലാകുകയായിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.