ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് വരുത്തി കൂടുതല്‍ നേഴ്സുമാരെ യുകെയില്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കി എന്‍എംസി. നേഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവർ അറിയിച്ചു. സെപ്റ്റംബർ 28ന് നടക്കുന്ന യോഗത്തിൽ ഇതുണ്ടാകും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം എന്‍ എം സി മുമ്പോട്ട് വെച്ചിരുന്നു. എട്ടാഴ്ചയിലെ കണ്‍സള്‍ട്ടേഷനിടയില്‍ ഇതുമായി ബന്ധപ്പെട്ട് 34,000 പ്രതികരണങ്ങള്‍ ലഭിച്ചു. ഇതിൽ നിന്ന് പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.

ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എഴുതിയ ഭാഷാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ ഒന്നാക്കി യോഗ്യത നിശ്ചയിക്കുന്നതായിരുന്നു ഒരു നിർദേശം. ചെറിയ മാർക്കുകളുടെ വ്യത്യാസത്തിനാണ് പലരും പരീക്ഷയിൽ പരാജയപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് ശ്രമം. മറ്റൊന്ന്, ബ്രിട്ടനിലെ നിലവിലെ തൊഴിലുടമയുടെ സാക്ഷ്യപത്രം യോഗ്യതയായി പരിഗണിക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ കുറിച്ച് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം, അവരുടെ ഭാഷാ പരിജ്ഞാനത്തിന്റെ തെളിവായി എടുക്കാം. എന്നാൽ ഇതിന് നിബന്ധനകളുണ്ട്.

ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാര്യവും പരിഗണനയ്ക്ക് എടുക്കാമെന്ന് ആദ്യ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോള്‍ പരിഗണിക്കില്ല. മറ്റ് നിർദേശങ്ങൾ സെപ്റ്റംബര്‍ 28 ലെ യോഗത്തില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, അടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തും. ഇത് ഒട്ടേറെ പേർക്ക് സഹായകരമാകും.