പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങി അവശനായ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36) ആണ് ഏറെ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പാറക്കെട്ടിനുള്ളിൽ അകപ്പെട്ട യുവാവിനെ കണ്ടെത്തിയത്. പാറക്കല്ലുകൾക്കടിയിൽ ഉടൽഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് സ്ഥലത്തെത്തിയവർ പുറത്തുകണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ബിജീഷിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പാറക്കല്ലുകൾ ദേഹത്തുപതിക്കാൻ സാധ്യതയുള്ളതിനാൽ നരിക്കുനി അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന്, ഉച്ചയ്ക്ക് രണ്ടുമണിയോടെ നരിക്കുനി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ ടിപി രാമചന്ദ്രൻ, കെകെ രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ ഗണേശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിപിൻദാസ്, ഒ അബ്ദുൾ ജലീൽ, ടി സനൂപ്, എംപി രജിൻ, കെ രഞ്ജിത്, എം അനീഷ്, കെകെ.അനൂപ്, ഹോം ഗാർഡ് കെ സുജിത് എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഏതാനും പാറക്കല്ലുകൾ നീക്കംചെയ്തശേഷം മറ്റുകല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരുടെകൂടി സഹകരണത്തോടെ സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. അവശനായ യുവാവിനെ പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.