ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ മൂന്നിരട്ടിയായി വർധിപ്പിച്ചു സർക്കാർ. അനധികൃത കുടിയേറ്റക്കാരെ ജോലിക്കെടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും £60,000 വരെ പിഴ ചുമത്താം. സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം ആണിത്. 2024 തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു. അനധികൃതമായ ജോലിയും താമസവും നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ് വാദിക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നതിനുള്ള പിഴ ആദ്യ കുറ്റത്തിന് 15,000 പൗണ്ടിൽ നിന്ന് 45,000 പൗണ്ടായി ഉയരും. കുറ്റം ആവർത്തിക്കുന്നവർക്ക് £20,000 മുതൽ £60,000 വരെ പിഴ മൂന്നിരട്ടിയായി വർദ്ധിക്കും. അതേസമയം, കുടിയേറ്റക്കാർക്ക് താമസം നൽകുന്നവർക്ക് £1,000 £ 5,000 എന്നിങ്ങനെ £10,000 വരെ പിഴ ചുമത്തും. എത്ര പേർ യുകെയിൽ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റർ ലണ്ടൻ അതോറിറ്റി 2020-ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, 594,000 – 745,000 രേഖകളില്ലാത്ത ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം.
2018 മുതൽ, രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിന് തൊഴിലുടമകൾക്ക് ഏകദേശം 4,000 സിവിൽ പെനാൽറ്റികൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച പിഴതുക 74 മില്യൺ പൗണ്ട് വരും. ചാനൽ ക്രോസിങ്ങിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ചാനൽ ക്രോസിംഗുകൾ വഴി 45,000-ത്തിലധികം ആളുകൾ യുകെയിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയ പിഴകൾ യഥാർത്ഥത്തിൽ 2016 മുതൽ മൂന്നിൽ രണ്ട് കുറഞ്ഞുവെന്ന് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
Leave a Reply