സ്വന്തം ലേഖകൻ

ലണ്ടൻ : എൻ‌എച്ച്‌എസ് ജീവനക്കാരിൽ പകുതിയോളം പേർക്കും ഏപ്രിലിൽ കോവിഡ് ഉണ്ടായിരുന്നെന്നും ആവശ്യമായ പരിശോധനകൾ ലഭിച്ചില്ലെന്നും വെളിപ്പെടുത്തൽ. ജീവനക്കാർ ആശുപത്രിയിൽ നിന്ന് അവധി എടുക്കുമെന്ന് ഭയന്ന് രോഗികളായ പല സ്റ്റാഫുകളെയും പരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്ന് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ, രാജ്യത്തെ പ്രമുഖ ശാസ്ത്ര വിദഗ്ധരിൽ ചിലർ കോവിഡ് -19 പ്രതിസന്ധിയോടുള്ള ബ്രിട്ടന്റെ പ്രതികരണത്തെ ആക്ഷേപിക്കുകയും തയ്യാറെടുപ്പിലെ കാലതാമസം ഒരു വലിയ ദുരന്തത്തിലേക്ക് നയിച്ചതായും അവകാശപ്പെട്ടു. ഏപ്രിലിൽ 45 ശതമാനം ആരോഗ്യ പ്രവർത്തകരും കോവിഡ് -19 രോഗബാധിതരായിരുന്നുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിസിൻ വിദഗ്ധനായ പ്രൊഫസർ സർ ജോൺ ബെൽ പറഞ്ഞു. ബ്രിട്ടനിൽ 540 സോഷ്യൽ കെയർ ജീവനക്കാർ രോഗം പിടിപെട്ട് മരണമടഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ നടപ്പിലാക്കാൻ കാലതാമസം നേരിട്ടതായും അവർ പറഞ്ഞു. എന്നാൽ ‘പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ’ ഉണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അറിയിച്ചു.

വീടിന് പുറത്തുള്ള കോണ്ടാക്ടുകളിൽ നിന്ന് വൈറസ് പടരുന്നതിനേക്കാൾ കുടുംബാംഗങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത അഞ്ചു മടങ്ങാണെന്ന് കൊറിയൻ പഠനം സൂചിപ്പിക്കുന്നു. കൊറിയ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ (കെസിഡിസി) ഗവേഷകർ 5,706 രോഗികളെയും അവരുമായി സമ്പർക്കം പുലർത്തിയ 59,000 ത്തിലധികം ആളുകളെയും പരിശോധിച്ചു. രോഗബാധിതരായ 50 പേരിൽ ഒരാൾക്ക് മാത്രമാണ് വീടിന് പുറത്തുള്ള കോൺടാക്റ്റുകളിൽ നിന്ന് വൈറസ് പിടിപെട്ടതെന്ന് അവർ കണ്ടെത്തി. അതേസമയം പത്തിൽ ഒരാൾക്ക് സ്വന്തം കുടുംബാംഗത്തിൽ നിന്ന് വൈറസ് പടർന്നിട്ടുണ്ട്. ഏകദേശം 10,600 ഗാർഹിക കോൺടാക്റ്റുകളിൽ 11.8 ശതമാനം പേർക്ക് കോവിഡ് ഉണ്ടായിരുന്നു. 48,000 ൽ കൂടുതൽ ഗാർഹികേതര കോൺടാക്റ്റുകളിൽ 1.9 ശതമാനം പേർക്ക് മാത്രമാണ് രോഗം.

രോഗവ്യാപനം ഉയരുന്ന ഈ ഘട്ടത്തിൽ സ്കൂളുകൾ തുറക്കണമോ എന്ന ചോദ്യമാണ് പല രാജ്യങ്ങളും മുന്നോട്ട് വെക്കുന്നത്. ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടും എന്നതിനാൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മുതിർന്നവരെപ്പോലെ ശുചിത്വം ഇല്ലെന്നും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാനുള്ള സാധ്യത കുറവാണെന്നും കൊറിയൻ സിഡിസി വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ പൂർണ്ണമായും വീണ്ടും തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പഠന സ്ഥാപനങ്ങൾ പൂർണ്ണമായും വീണ്ടും തുറക്കുന്നില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ബ്രിട്ടനിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്. എന്നാൽ പൂർണമായും സുരക്ഷിതമായി സ്കൂളുകൾക്ക് പ്രവർത്തിക്കുവാൻ കഴിയുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.