ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എസ്.എഫ്.ഐ. നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇരുസംഘടനകളും സമരം നടത്തുന്നത്. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.
മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും മൃതദേഹപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply