ലണ്ടന്‍: ഏറ്റവും ആഡംബരം നിറഞ്ഞ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള മത്സരം എയര്‍ലൈന്‍ കമ്പനികള്‍ക്കിടയില്‍ മുറുകിയതോടെ ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യങ്ങളുടെ രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. യാത്രകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് വ്യത്യസ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇവയില്‍ ഏറ്റവും വിപ്ലവകരമായ മാറ്റമാണ് എമിറേറ്റ്‌സ് കൊണ്ടുവരുന്നത്. കാര്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് തയ്യാറാക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളായിരിക്കും ഇനി മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങളിലെ ഹൈലൈറ്റ്.

ബോയിംഗ് 777 ജെറ്റ് വിമാനങ്ങളിലാണ് ഇവ അവതരിപ്പിക്കാന്‍ പോകുന്നത്. ഓരോ ഫസ്റ്റ് ക്ലാസ് യാത്രക്കാരനും 40 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് എമിറേറ്റ്‌സ് നല്‍കുന്നത്. 7 അടി നീളവും 5 അടി 8 ഇഞ്ച് വീതിയുമുള്ള സ്യൂട്ടുകളാണ് ക്രമീകരിക്കുന്നത്. ഇക്കോണമി യാത്രക്കാര്‍ സാധാരണ മട്ടില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 6 സീറ്റുകളാണ് നല്‍കുന്നത്. ഇവ പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പാക്കുന്ന ക്യാബിനുകളായിരിക്കും. മൂന്ന് നിരകളിലായി ക്രമീകരിക്കുന്ന ഇവയില്‍ എല്ലാ സീറ്റുകളിലും വിന്‍ഡോയുണ്ടാകും. മധ്യനിരയിലെ സ്യൂട്ടിന് വിര്‍ച്വല്‍ വിന്‍ഡോകളായിരിക്കും ഉണ്ടാകുക.

യാത്രക്കാര്‍ക്ക് സ്‌റ്റെയിനര്‍ സഫാരി ബൈനോക്കുലറുകളും നല്‍കും. മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കാറുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സ്യൂട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിനും മറ്റുമായി ജീവനക്കാരെ വിളിക്കാനുള്ള സൗകര്യത്തിനു പുറമേ വീഡിയോ കോളിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് 70 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകുകയും ചെയ്യാം. ലണ്ടന്‍-ദുബായ്-സിഡ്‌നി റൂട്ടിലെ റിട്ടേണ്‍ ടിക്കറ്റിന് 7220 പൗണ്ടായിരിക്കും ഈടാക്കുകയെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ റൂട്ടിലെ ഇക്കോണമി നിരക്ക് 700 പൗണ്ട് മാത്രമാണ്.