ലണ്ടന്‍: ബലാല്‍സംഗത്തിനിരയായി സഹായം തേടിയ പെണ്‍കുട്ടിയെ സഹായത്തിനെത്തിയയാളും ബലാല്‍സംഗം ചെയ്തു. 15 കാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബര്‍മിംഗ്ഹാമിലെ ആസ്റ്റണ്‍ വില്ല ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപം വിറ്റണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ച രാത്രി 7 മണിക്കും പുലര്‍ച്ചെ 2 മണിക്കുമിടയിലാണ് പെണ്‍കുട്ടിക്ക് പീഡനം നേരിടേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു. ഒരു സുഹൃത്തുമായി സ്റ്റേഷനിലേക്ക് നടന്നു വന്ന പെണ്‍കുട്ടിയെ അക്രമി പിന്തുടരുകയും ഓടിച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു.

ആദ്യത്തെ ആക്രമണത്തിനു ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തെത്തിയ പെണ്‍കുട്ടി റോഡിലൂടെ കടന്നുപോയ ഒരു കാറിന് കൈകാണിച്ചു. ഈ കാറില്‍ കയറിയ പെണ്‍കുട്ടിയെ അതിലുണ്ടായിരുന്നയാളും ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ആദ്യത്തെ് അക്രമി 6 അടിയോളം ഉയരമുള്ള ഏഷ്യന്‍ വംശജനാണെന്നും ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന ഇയാള്‍ക്ക് 20 വയസോളം പ്രായം തോന്നിക്കുമെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. കാറിലെത്തിയ അക്രമിയും ഏഷ്യന്‍ വംശജനാണ്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ പ്രദേശത്ത് ജനങ്ങളാരും ഉണ്ടായിരുന്നില്ല. ആരെങ്കിലും സംഭവത്തേക്കുറിച്ച് സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. സംഭവത്തില്‍ സാക്ഷികളെ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.