ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബുധനാഴ്ച ഇംഗ്ലീഷ് ചാനലിൽ നടന്ന ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഒരാളെ തിരിച്ചറിഞ്ഞു. തന്റെ ഭാവി ഭർത്താവിനെ അന്വേഷിച്ച് ബ്രിട്ടനിലേക്ക് തിരിച്ച ഇരുപത്തിനാലുകാരിയായ കുർദിഷ് വനിത, മറിയം നൂരി മുഹമ്മദ് ആമീനിനെയാണ് ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ബ്രിട്ടണിലേയ്ക്ക് എത്തുവാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ, 27 പേർ മരണപ്പെട്ടിരുന്നു. തന്നെ വിവാഹം ചെയ്യുവാൻ നിശ്ചയിച്ചിരുന്ന കർസാനിനൊപ്പമെത്താനാണ് മറിയം ശ്രമിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇറാഖിൽ നിന്നും ജർമനിയിലെത്തി, അവിടെനിന്നും ഫ്രാൻസിൽ എത്തിയശേഷമാണ് യുകെയിലേയ്ക്കുള്ള യാത്രയ്ക്ക് മറിയം ശ്രമിച്ചത്. മറിയത്തിന്റെ വേർപാട് കുടുംബാംഗങ്ങളെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. മറിയത്തിനെ വിവാഹം ചെയ്യാനിരുന്ന കർസാൻ നിലവിൽ ബ്രിട്ടനിലാണ്. മറിയവുമായി തുടർച്ചയായി താൻ സംസാരിച്ചിരുന്നുവെന്നും, സമുദ്രത്തിലെ മധ്യത്തിൽ എത്തിയപ്പോഴാണ് തനിക്ക് കണക്ഷൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് യാത്ര നടത്തിപ്പുകാരുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിവരങ്ങളും ലഭിക്കുവാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ 17 പുരുഷന്മാരും, ഗർഭിണി ഉൾപ്പെടെ ഏഴ് സ്ത്രീകളുമാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആളുകളെ കണ്ടെത്തുവാൻ ശ്രമിച്ച കുറ്റത്തിന് അഞ്ചുപേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ കൂടുതൽപേരും ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സോമാലിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ മാത്രം രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. അടുത്തയിടെ നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായാണ് ഈ അപകടം വിലയിരുത്തപ്പെട്ടിരിക്കുന്നത്. സംഭവത്തെതുടർന്ന് ഫ്രാൻസും ബ്രിട്ടനും തമ്മിൽ ചെറിയതോതിൽ വാദപ്രതിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. 2020 ൽ 8417 പേർ മാത്രമാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടണിൽ എത്താൻ ശ്രമിച്ചിരുന്നതെങ്കിൽ, ഈ വർഷം 2500 -ൽ അധികം പേരാണ് ഇത്തരത്തിൽ ബ്രിട്ടണിലെത്തിച്ചേർന്നത്. ഇത്തരത്തിൽ അഭയാർഥികളുടെ ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കടന്നുവരവ് അവസാനിപ്പിക്കുവാൻ കൂടുതൽ ട്രൂപ്പുകളെ ഉപയോഗിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.