ഒളിംപിക് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയില്‍ കായിക ലോകം.വില്ലേജില്‍ പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ വ്യക്തിയെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒളിംപിക് ഗ്രാമത്തില്‍ രോഗം പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 നാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് തിരി തെളിയുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.
കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിംപിക് ഗ്രാമത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് 228 അംഗ സംഘമാണ് ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 119 പേര്‍ കായിക താരങ്ങളും 109 ഒഫീഷ്യല്‍സുമാണ്. 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.
Leave a Reply