കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
ക്യാന്‍സര്‍ ലൊക്കേറ്റര്‍ എന്നു വിളിക്കുന്ന ഈ പ്രോഗ്രാം രക്തത്തിലുള്ള ട്യൂമര്‍ ഡിഎന്‍എകളുടെ അളവ് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഇവ തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ ആയിരക്കണക്കിന് ആളുകളുടെ ജനിതക വിവരങ്ങളുമായി താരതമ്യം ചെയ്ത് രോഗനിര്‍ണ്ണയം നടത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സ്തനാര്‍ബുദം, കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവ തിരിച്ചറിയാനാണ് ഇപ്പോള്‍ ഈ രീതി കൂടൂതല്‍ ഉപയോഗപ്പെടുത്തിയത്. ആദ്യഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ 80 ശതമാനവും തിരിച്ചറിയാന്‍ ഈ രീതി ഫലപ്രദമാണെന്നാണ് വിവരം.
രോഗനിര്‍ണ്ണയത്തിന് രക്തപരിശോധനയെ മാത്രം ആശ്രയിക്കുന്ന രീതിക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് വേള്‍ഡ് വൈഡ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രതിനിധി ലാറ ബെന്നറ്റ് പറഞ്ഞു. ഭാവിയില്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് അവലംബിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു.