ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാകിസ്ഥാനിൽ നിന്ന് യുകെയിലേക്ക് അഫ്ഗാൻ അഭയാർത്ഥികളെ കൊണ്ടുവരുന്ന ആദ്യ വിമാനം യുകെയിൽ എത്തിയിരിക്കുകയാണ്. 132 പേരുമായാണ് വിമാനം പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ടതെന്ന് രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ യുകെ സർക്കാരിനു വേണ്ടി പ്രവർത്തിച്ചതിന് ശേഷം താലിബാന്റെ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിൽ ഇപ്പോഴും സ്ഥലംമാറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവരിൽ ബ്രിട്ടീഷ് ആർമിയുടെ മുൻ പരിഭാഷകരും ബ്രിട്ടീഷ് കൗൺസിലിലെ അധ്യാപകരും ഉൾപ്പെടുന്നുണ്ട്. അഫ്ഗാനികളെ യുകെയിലേക്ക് കൊണ്ടുവരാൻ യുകെ സർക്കാർ മൊത്തം 12 വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ അഭയാർത്ഥികളും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയുടെയോ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസിയുടെയോ ഭാഗമാണ്. വിസ പ്രോസസ്സിംഗിനായാണ് ഇവരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചിലർ ഒരു വർഷത്തിലേറെയായി അവിടെ കാത്തിരിക്കുകയാണെന്നും അവരുടെ പലരുടെയും വിസകൾ ഇപ്പോൾ കാലഹരണപ്പെട്ടതായും ചാരിറ്റി സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ആദ്യം, നവംബർ 1 മുതൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാനും അറിയിച്ചിരുന്നു. 2021-ൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം, താലിബാൻ അന്താരാഷ്ട്ര സേനയുമായി ചേർന്ന് പ്രവർത്തിച്ച ആളുകൾക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല അഫ്ഗാനികളും പ്രതികാരഭീതിയിലാണ് ഇപ്പോഴും ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


അഫ്ഗാനിസ്ഥാൻ വിടാനുള്ള യുകെയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, തങ്ങളെ കൂടുതൽ അപകടത്തിലാക്കിയതിൽ തങ്ങൾ ആശങ്കാകുലരാണെന്നും ചിലർ ബിബിസിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാൻ വിടുന്നതിനു മുൻപ് തങ്ങളുടെ ജീവിതം 50 ശതമാനം അപകടത്തിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ 100 ശതമാനവും അപകടത്തിലാണെന്ന് അഭയാർത്ഥികളിൽ ഒരാൾ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. ഏകദേശം 3,250 പുരുഷന്മാരും സ്ത്രീകളും കുട്ടികളും പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ അതിഥി മന്ദിരങ്ങളിലും ഹോട്ടലുകളിലും താമസിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെ ആയിരിക്കുമ്പോൾ, അവർക്ക് ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമില്ല എന്നതും, അവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയില്ലെന്നതും അവരുടെ ജീവിതം ദുഃസഹം ആക്കുന്നുണ്ട്. ബ്രിട്ടന്റെ ഭാഗത്ത് നിന്നുമുള്ള തുടർനടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.