ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്‌കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

പത്ത് വയസിനു താഴെ പ്രായമുള്ളവരാണ് ഈ രോഗം ബാധിച്ച 89 ശതമാനം പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗം പടര്‍ന്ന നിരക്കിന്റെ സമീപത്തൊന്നും ഇപ്പോഴത്തെ നിരക്കുകള്‍ എത്തുന്നില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വ്യാപ്തി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ.തെരേസ ലാമാഗ്നി പറഞ്ഞു. ഒരിക്കല്‍ മാരകമായിരുന്ന ഈ രോഗം ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. 1967ലായിരുന്നു ഇതിനു മുമ്പ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിച്ചത്. 19,305 പേര്‍ക്ക് ആ വര്‍ഷം രോഗം ബാധിച്ചു.

രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. 2014 മുതല്‍ സ്‌കാര്‍ലെറ്റ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന് കാരണമെന്താണെന്നത് വ്യക്തമായിട്ടില്ലെങ്കിലും മോശം ജീവിത നിലവാരവും അനാരോഗ്യകരമായ ചുറ്റുപാടുകളുമായിരിക്കാം കാരണമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.