തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു വ്യക്തമായി കഴിഞ്ഞതായി നിയമവിദഗ് ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍ഐ) അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവര്‍ക്കും ഇതേ ശിക്ഷയാണ്. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍വരും.
ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ് ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമാണ് അനില്‍ അക്കരെ എംഎല്‍എ സിബിഐ എസ് പിക്ക് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയോ, തദ്ദേശമന്ത്രിയെയോ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താനിടയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളില്‍ മന്ത്രി ജലീലിന്റെ പേരുവന്നതും, മതഗ്രന്ഥം താന്‍ സ്വീകരിച്ചെന്ന മന്ത്രിയുടെ പ്രസ് താവനയുമാണ് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യലിലേക്കു നയിച്ചത്.
ലൈഫ് കേസിന്റെ അവസാന ഘട്ടത്തിലായിരിക്കും മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴിയെടുക്കുക. ചോദ്യങ്ങള്‍ അയച്ചു കൊടുക്കുന്ന രീതിയും സ്വീകരിക്കാം. കേന്ദ്രത്തിന്റെ അനുമതി തേടിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ് താവനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതി ചേര്‍ക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണിത് ചെയ്യുന്നത്.
പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം സര്‍ക്കാര്‍ ഓഫിസുകളിലേക്കും നീളും. ലൈഫ് മിഷന്‍ സിഇഒ അറിയാതെ തിടുക്കപ്പെട്ട് കരാര്‍ തയാറാക്കിയ ഉദ്യോഗസ്ഥനാര്?, നിയമ വകുപ്പിന്റെ ഉപദേശം എന്തു കൊണ്ട് തള്ളി തുടങ്ങിയ കാര്യങ്ങള്‍ സിബിഐ പരിശോധിക്കും. പദ്ധതിയുടെ ഭാഗമായി കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്കു വന്ന പണമിടപാടുകളും പരിശോധിക്കും.
Leave a Reply