ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ എത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. ഈവ് എലയ്ൻ ജോസഫ് (13) എന്ന കൊച്ചുമിടുക്കി ഇന്ന് പ്രവാസി മലയാളികൾക്ക് അഭിമാനമാണ്. ബാറ്റും കയ്യിലേന്തി പടപൊരുതാൻ തുനിഞ്ഞിറിയ ഈവ് ഇപ്പോൾ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുകയാണ്. സൺറൈസേഴ്സ് റീജിയണൽ എമേർജിങ് പ്രോഗ്രാമിന്റെ 2021-22 സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു മലയാളി പെൺകുട്ടിയേ ഉള്ളൂ – ഈവ് എലയ്ൻ ജോസഫ്. ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി പെൺകുട്ടിയാണ് ഈവ്. മാത്രമല്ല, കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളും ഈ കൊച്ചുമിടുക്കി തന്നെ.

18 മാസങ്ങൾ നീണ്ട ട്രയലിന് ശേഷമാണ് ഈവിനെ തേടി ഈ ഭാഗ്യം എത്തിയത്. ഒമ്പത് കൗണ്ടികളിൽ നിന്നായി നൂറോളം പേർ പങ്കെടുത്ത ട്രയലിൽ നിന്ന് ഈവ് തിരഞ്ഞെടുക്കപ്പെട്ടതോടെ അത് കേരളത്തിനും അഭിമാനത്തിന് കാരണമായി. സൺറൈസേഴ്സിൽ, ബെഡ്ഫോർഡ്ഷെയറും ഹണ്ടിങ്ങ് ഡോൺഷെയറും ചേർന്ന ക്രിക്കറ്റ്‌ ഈസ്റ്റിനെയാണ് ഈവ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്താംപ്ടൺ കൗണ്ടിയുടെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഈവ് തന്നെയാണ് ടീമിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ 5 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2021 ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ എത്തിയ ഈവ് മെയ് മാസം ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിൽ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്തിരുന്നു. ക്ലബ്ബിന്റെ വനിതാ ടീമിനു വേണ്ടിയും അണ്ടർ 15 ബോയ്സ് ടീമിനുവേണ്ടിയും തുടർച്ചയായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ നോർതാംപ്ടൺ കൗണ്ടി അണ്ടർ 13 ഗേൾസ് ക്രിക്കറ്റ് ടീമിനു വേണ്ടി പാഡണിയാൻ അവസരമൊരുങ്ങി. ക്ലബ്ബിന് പെൺകുട്ടികൾക്കായി പ്രത്യേക ടീം ഇല്ലാത്തതിനാലാണ് ബോയ്സ് ടീമിനൊപ്പം ചേരേണ്ടിവന്നത്.

ജൂൺ അവസാനം കൗണ്ടി ടീമിൽ ഇടം നേടിയ ഈവ്, ആദ്യ കളിയിൽ തന്നെ അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് ചുരുങ്ങിയ കളികളിൽ നിന്നായി 4 അർധ സെഞ്ച്വറിയോടെ 385 റൺസ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റൺസ് (നോട്ട് ഔട്ട്), 56 റൺസ് എന്നിവയും വാർവിക് ഷയർ കൗണ്ടിക്കെതിരെ നേടിയ 59 റൺസ്, നോർഫോക്കിനെതിരെ നേടിയ 94 റൺസ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റൺ സ്കോറർ അവാർഡിലേക്ക് ഈവിനെ എത്തിച്ചത്. സീസൺ അവസാനിച്ചപ്പോൾ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിലെ മോസ്റ്റ് പ്രോമിസിങ് പ്ലേയർ അവാർഡും (അണ്ടർ 13) വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളർ അവാർഡും വനിതകളുടെ സൂപ്പർ 8 ടീമിലെ ബെസ്റ്റ് ബാറ്റർ അവാർഡും ഈവിന് തന്നെയായിരുന്നു.

നാട്ടിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ് എറണാകുളം ഡിസ്ട്രിക്ട് ടീമിൽ അംഗമായിരുന്നു ഈവ്. അമ്മ സീനിയർ മാനേജർ ആയിരുന്ന ഏരിയസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയിലെ മത്സരങ്ങൾ കണ്ടാണ് ഈവ് ക്രിക്കറ്റിലേക്ക് എത്തുന്നത്. കമ്പനിയുടെ സിഇഓ ആയ ഡോ. സോഹൻ റോയ് ഈവിന്റെ ക്രിക്കറ്റ്‌ കഴിവുകൾ കണ്ടെത്തി അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ഈവ് പിച്ചിലേക്ക് എത്തുന്നത്. ജോസഫ് വർഗീസ് – നിഷ ജോസഫ് ദമ്പതികളുടെ മകളായ ഈവ് കൊച്ചിയിലെ നേവി ചിൽഡ്രൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു. പിന്നീട് കുടുംബസമേതം യുകെയിൽ എത്തി. എതേൽ എസ്ലൻ ജോസഫ് സഹോദരിയാണ്. ഇംഗ്ലണ്ട് ദേശീയ ടീമിൽ ഒരിടം നേടണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. കഠിനമായ പരിശ്രമത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഈവ്. ആശംസകൾ.