സ്വന്തം ലേഖകൻ

കെനോഷ വിൻകോസിനിൽ ജേക്കബ് ബ്ലെയ്ക്കിനെ വെടിവെച്ച് അരയ്ക്കു താഴേക്ക് തളർത്തിയ സംഭവം യുഎസിൽ കനത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കറുത്ത വർഗക്കാരനായ ബ്ലെയ്ക്കിനെ വെള്ളക്കാരനായ റസ്റ്റിൻ ഷെസ്കി അകാരണമായി വെടിവെച്ചത് ഓഗസ്റ്റ് 23 നായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തിൽ കെനോഷയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൈയിലി റിട്ടൻഹൗസ് എന്ന കൗമാരക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

കെനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ ഗ്രേവ്ലിയാണ്, ബ്ലേക്കിനെ വെടിവെച്ച ഓഫീസർ ഷെസ്കിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ആവില്ലെന്ന് ഉത്തരവിട്ടത്. അന്നു നടന്ന സംഭവങ്ങൾ മുഴുവൻ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി വീഡിയോ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ ബ്ലെയ്ക്കിനെ വെടിവെച്ച ഉദ്യോഗസ്ഥൻ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നും, ബ്ലെയ്ക്കിന്റെ കൈവശം ആയുധം ഉണ്ടായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. “സെൽഫ് ഡിഫൻസ് സ്റ്റേറ്റ് ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ പ്രവർത്തിക്കാനാവില്ല” കോടതി പറഞ്ഞു.

വീഡിയോയിൽ കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജേക്കബ് ബ്ലെയ്ക്കിനോട്‌ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതം കാട്ടി തന്റെ എസ് യു വിയിലേക്ക് കുനിഞ്ഞ ബ്ലെയ്ക്കിനോട്‌ ആയുധം താഴെയിടാൻ പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബ്ലെയ്ക്കിൻെറ കൈവശം കത്തി ഉണ്ടായിരുന്നില്ല. കാറിനുള്ളിൽ ആയുധം ഉണ്ടായിരുന്നു എന്ന് പോലീസ് വാദിക്കുന്നുണ്ട്. ബ്ലെയ്ക്ക് കുനിഞ്ഞയുടൻ ഒരു പോലീസുകാരൻ ഷർട്ടിൽ പിടിച്ച് പിന്നിലേക്ക് വലിക്കുകയും പിൻ വശത്തായി ഏഴു പ്രാവശ്യം വെടിവെക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ജേക്കബ് ബ്ലെയ്ക്കിൻെറ മൂന്ന് കുട്ടികളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഇരയുടെ അരയ്ക്കുതാഴേയ്ക്കുള്ള ചലനം നഷ്ടമായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരിൽ ആരുടെ പക്കലും ബോഡി ക്യാമറ ഉണ്ടായിരുന്നില്ല. കനത്ത വംശീയതയുടെ തെളിവാണ് ഈ സംഭവം എന്ന് രാജ്യമൊട്ടുക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു.

പിന്നീട് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ കൈയിലിയെന്ന കൗമാരക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് മുതൽ വിചാരണ ആരംഭിക്കും.