ലണ്ടന്‍: ബ്രിട്ടനില്‍ സ്വവര്‍ഗ്ഗ വിവാഹം കഴിച്ച ആദ്യ ആംഗ്ലിക്കന്‍ ചര്‍ച്ച് പുരോഹിതന്‍ പദവി ഉപേക്ഷിക്കുന്നു. സഭയുടെ ഭരണവിഭാഗമായ ജനറല്‍ സിനോഡിലെ അംഗം കൂടിയാണ് ഫാ.ആന്‍ഡ്രൂ ഫോര്‍ഷൂ-കെയിന്‍. ചര്‍ച്ച് ഓഫ് ഇംഗണ്ടിലെ സ്വവര്‍ഗ്ഗഭീതിയില്‍ മനംമടുത്താണ് താന്‍ സഭയിലെ ജോലികള്‍ ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പീക്കിലേക്ക് തന്റെ പങ്കാളി സ്റ്റീഫനുമൊത്ത് താമസം മാറ്റുന്നുവെന്ന് അറിയിച്ച ആന്‍ഡ്രൂ മറ്റൊരു ഇടവക തേടുന്നില്ല. ഇടവക അനുവദിക്കില്ലെന്നാണ് തനിക്ക് ലഭിച്ച അറിയിപ്പെന്നും പുരോഹിതന്‍ പറഞ്ഞു. സ്റ്റീഫനെ വിവാഹം കഴിച്ചതിനാലാണ് തനിക്ക് ഇടവക നല്‍കാന്‍ സഭ വിസമ്മതിക്കുന്നതെന്നും സഭയുടെ ഹോമോഫോബിയയാണ് ഇതിന് കാരണമെന്നും ഫാ. ആന്‍ഡ്രൂ പറഞ്ഞു.
ഇപ്പോള്‍ 53 വയസ് മാത്രം പ്രായമുള്ള താന്‍ കുറഞ്ഞ പ്രായത്തിലാണ് റിട്ടയര്‍ ചെയ്യുന്നത്. പക്ഷേ മുന്‍വിധികളോട് പടപൊരുതി തോറ്റതിനാലാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഹിതര്‍ സ്വവര്‍ഗ്ഗ വിവാഹം കഴിക്കുന്നത് സഭ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നോര്‍ത്ത് ലണ്ടന്‍ മേഖലയിലെ തന്റെ ഇടവകയില്‍ ഇത് പ്രശ്‌നമായിരുന്നില്ലെന്ന് ഫാ. ആന്‍ഡ്രൂ പറഞ്ഞു. 30 വര്‍ഷത്തോളം സഭയില്‍ സേവനം നടത്തിയ ആന്‍ഡ്രൂ 27 വര്‍ഷത്തോളം പുരോഹിതനായിരുന്നു. ജൂലൈയില്‍ വെസ്റ്റ് ഹാംപ്‌സ്റ്റെഡിലെ സെന്റ് മേരി ആന്‍ഡ് ഓള്‍ സോള്‍സ് പള്ളിയില്‍ തനിക്ക് അവസാനമായി കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്രൂ.
പ്രാഥമികമായി സ്വവര്‍ഗ്ഗ വിരുദ്ധമാണ് ആംഗ്ലിക്കന്‍ ചര്‍ച്ചെന്ന് ആന്‍ഡ്രൂ ആരോപിക്കുന്നു. സഭയുടെ നയങ്ങളും പ്രസ്താവനകളും എല്‍ജിബിടി സമൂഹത്തിനെതിരെയാണ് വരാറുള്ളത്. അത്തരം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും തന്റെ തീരുമാനത്തിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. തന്റെ വിശ്വാസത്തിന് ഇതുമൂലം ഭംഗമുണ്ടാകില്ല. താന്‍ പള്ളിയില്‍ പോകുകയും ചെയ്യും. എന്നാല്‍ എല്‍ജിബിടി സമൂഹത്തിനും പള്ളികളില്‍ സമത്വമുറപ്പാക്കാനുള്ള പ്രചാരണപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആന്‍ഡ്രൂ പറഞ്ഞു.
Leave a Reply