ഫാ. ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍: ഒക്ടോബറില്‍ നടക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനങ്ങള്‍ക്ക് ഇന്ന് തുടക്കം. രൂപതയിലെ എട്ട് റീജിയണുകളിലായി നടക്കുന്ന ഏകദിന കണ്‍വന്‍ഷനുകളില്‍ ആദ്യത്തേതാണ് ഇന്ന് ബ്രിസ്റ്റോളില്‍ നടക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യു.കെ ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല്‍, പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വചന പ്രഘോഷണ ശുശ്രൂഷകള്‍ ഇന്നു നടക്കുന്നത്.
രാവിലെ 9.30 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ജപമാല, ആരാധനസ്തുതിഗീതങ്ങള്‍, വി.കുര്‍ബ്ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വി.കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികനാകുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി മധ്യേ വചനസന്ദേശം പങ്കുവെക്കും. വൈകിട്ട് 5 മണി വരെ നീളുന്ന ഈ ഏകദിന ശ്രുശ്രൂഷയില്‍ വരുന്നവര്‍ക്കാവശ്യമായ ഉച്ചഭക്ഷണം സ്വയം കരുതേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
നല്ലതുപോലെ ഒരുക്കപ്പെട്ട നിലത്തു വിതയ്ക്കുന്ന വിത്താണ് വളര്‍ന്ന് നൂറുമേനി വിളവു തരുന്നതെന്ന (മത്തായി 13:8) സുവിശേഷ സന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് മുന്നോടിയായി വിശ്വാസികളുടെ ഹൃദയങ്ങളെ ഈ ഒരുക്കധ്യാനങ്ങളിലൂടെ സജ്ജമാക്കുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയണിന് കീഴില്‍ വരുന്ന എല്ലാ വി.കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര വിശ്വാസികള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റീജിയണിന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് റവ.ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, റവ.ഫാ.ജോയി വയലില്‍, റവ.ഫാ.സിറില്‍ ഇടമന, റവ.ഫാ സണ്ണി പോള്‍, റവ.ഫാ. ജോസ് മാളിയേക്കല്‍, റവ.ഫാ.സിറില്‍ തടത്തില്‍, റവ.ഫാ.ജോര്‍ജ്ജ് പുത്തൂര്‍, റവ.ഫാ.അംബ്രോസ് മാളിയേക്കല്‍, റവ.ഫാ.സജി അപ്പോഴിപ്പറമ്പില്‍, റവ.ഫാ.പയസ്, റവ.ഫാ. ജിമ്മി സെബാസ്റ്റ്യന്‍, റവ.ഫാ.ചാക്കോ പനത്തറ, എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ പേരും മേല്‍വിലാസവും: സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ് പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍,
BS16 3QT. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 07703063836- ഫിലിപ്പ് കണ്ടോത്ത്.
രണ്ടാമത്തെ ഏകദിന ഒരുക്ക റീജിയണല്‍ കണ്‍വന്‍ഷന്‍ നാളെ (07-06-2017) ലണ്ടന്‍ റീജിയണില്‍ നടക്കും. കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോര്‍ഡിനേറ്റര്‍ റവ.ഫാ.തോമസ് പാറയടിയില്‍ അറിയിച്ചു.
Leave a Reply