ഫാ. ബിജു കുന്നയ്ക്കാട്ട്

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ഇന്നലെ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി രണ്ടായിരത്തോളം വനിതകള്‍ ചരിത്രസമ്മേളനത്തിനു സാക്ഷികളായി. യൂറോപ്പിലെതന്നെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ പ്രഥമ രൂപതാതല സംഗമംസ്വര്‍ഗീയമാധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ തന്നെ നടത്തപ്പെട്ടു എന്നതും ശ്രദ്ധേയമായി.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വനിതാ ഫോറം രൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രാര്‍ത്ഥനകളിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടയും രൂപതാ പ്രവര്‍ത്തനങ്ങളുടെശക്തമായ അടിത്തറയാകുന്നതില്‍ വിമെന്‍സ്‌ഫോറം സുപ്രധാനപങ്കുവഹിച്ചെന്ന്അദ്ദേഹം പറഞ്ഞു. പരി കന്യകാമറിയം ഒരിക്കല്‍ പോലും പാപത്തില്‍ വീഴാതിരുന്നതിനാല്‍ മറിയത്തിലൂടെ ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നടന്നെന്നും നമ്മിലുള്ള പാപമാണ് ദൈവത്തിന്റെ പ്രവൃത്തിക്ക് തടസ്സം നില്‍ക്കുന്നതെന്നും, മാതാവിന്റെ അമലോത്ഭവത്തിരുനാളിനെ അനുസ്മരിച്ച് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ദൈവം സൗന്ദര്യമാണെന്നും ആ സൗന്ദര്യം സമ്പൂര്‍ണ്ണമായി (തോത്താപുള്‍ക്ര) പരി. മറിയത്തിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്തുമണിക്ക് നിലവിളക്കുതെളിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു.വികാരി ജനറാള്‍മാരായ റെവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റെവ. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, റെവ. ഫാ. ജോര്‍ജ് ചേലക്കല്‍, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍.സി,കുസുമം ജോസ് എസ്. എച്ച്, പ്രസിഡന്റ് ജോളി മാത്യു , സി. ഷാരോണ്‍ സി. എം .സി., സെക്രെട്ടറി ഷൈനി മാത്യു, ട്രെഷറര്‍ ഡോ . മിനി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ വിവിധ റീജിയനുകളിലെ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നും എത്തിയ വൈദികര്‍, സമര്‍പ്പിതര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, വിമന്‍സ് ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രസിഡന്റ് ജോളി മാത്യു എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്നുനടന്ന വീഡിയോരൂപത്തിലുള്ള രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം ശ്രദ്ധേയമായി.
സമ്മേളനത്തോടനുബന്ധിച്ച്, ആധുനിക സ്ത്രീത്വത്തിന് സമൂഹത്തിലും സഭയിലും കുടുംബത്തിലുമുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ച്,പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിച്ചു.തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വൈദികര്‍ സഹകാര്‍മികരായി. ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. വിവാഹത്തിന്റെ ഇരുപത്തഞ്ചും നാല്പതും അമ്പതും വര്‍ഷങ്ങള്‍ ആഘോഷിക്കുന്നവരെ പ്രത്യേകമായിചടങ്ങില്‍ ആദരിച്ചു. ബെര്‍മിംഗ്ഹാം അതിരൂപതാ എത്തിനിക് ചാപ്ലൈന്‍സി കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ഡാനിയേല്‍ മഹ്‌യു സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സമയനിഷ്ഠമായ പരിപാടികള്‍കൊണ്ടും ചടങ്ങുകളുടെ ഗുണനിലവാരംകൊണ്ടും സമ്മേളനംകൂടുതല്‍ ആകര്‍ഷകമായി. ഇത്തരമൊരു സുപ്രധാനസമ്മേളനം അണിയിച്ചൊരുക്കാനായി മാസങ്ങള്‍ അക്ഷീണം അദ്ധ്വാനിച്ച കോ ഓര്‍ഡിനേറ്റര്‍, കണ്‍വീനര്‍, വിമെന്‍സ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മറ്റി, രൂപതാറീജിയണല്‍ ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ് എന്നിവര്‍ക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. കണ്‍വീനര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍നൂറിലധികം അംഗങ്ങള്‍ അണിനിരന്ന ഗായകസംഘവും ആകര്‍ഷകമായി.

WhatsApp Image 2024-12-09 at 10.15.48 PM