ലണ്ടന്‍: മീനുകള്‍ക്കും ചിന്താശേഷിയുണ്ടെന്ന് പഠനം. സ്വന്തമായി വ്യക്തിത്വം പുലര്‍ത്തുന്ന ഇവയ്ക്ക് സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സീബ്രാ ഫിഷുകള്‍ മനുഷ്യരെയും മറ്റ് സസ്തനികളെയും പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായി. മാംസം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ചിലര്‍ മത്സ്യം കഴിക്കുന്നതില്‍ വിമുഖരല്ല. അത്തരക്കാരും മീനുകളെ അക്വേറിയങ്ങളില്‍ വളര്‍ത്തുന്നവരും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്ന് ആര്‍എസ്പിസിഎ പറയുന്നു.
കൂട്ടത്തിലായിരിക്കുമ്പോള്‍ സീബ്ര ഫിഷുകള്‍ക്ക് അപകടങ്ങളെ ഭയമില്ല. മറ്റു മൃഗങ്ങള്‍ക്കെന്നപോലെ കൂട്ടത്തിലാകുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ ബോധമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ഈ സവിശേഷതകള്‍ ഉള്ളതിനാല്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിഷാദരോഗം പോലെയുള്ള രോഗങ്ങളെ മനുഷ്യന് അതിജീവിക്കാനാവുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നതിന് ഈ മീനുകളെ നിരീക്ഷിച്ചാല്‍ മതിയാകുമെന്നും ഗവേഷകര്‍ കരുതുന്നു. ഒറ്റപ്പെടല്‍ വിഷാദരോഗത്തിന് വലിയ കാരണമാണെന്ന് നേരതത്തേ കണ്ടെത്തിയിരുന്നു.
മീനുകളെ അങ്ങനെ താഴ്ന്നതരം ജീവികളായി പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ജീവികള്‍ എന്ന് പരിഗണിക്കുമ്പോള്‍ ചിന്താശേഷിയും അനുഭവങ്ങളും താല്‍പര്യങ്ങളുമുള്ള ഒരു ജീവിയെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് കരുതണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.