ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേ വാര്‍ഡ് ഹീത്തിൽ താമസിക്കുന്ന റെജി ജോൺ (53) നിര്യാതനായി. ജോലിക്ക് പുറപ്പെട്ടെങ്കിലും റെജി ജോലി സ്ഥലത്ത് എത്തിയില്ല, തിരികെ വീട്ടിലും വന്നില്ല. ജോലിക്ക് എത്താത്തതാകുമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടില്‍ എത്തിക്കാണുമെന്നു രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതി. കൂടാതെ ജോലിക്ക് ശേഷം പകല്‍ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ തിരക്കിലായിരിക്കുമെന്ന് കരുതി ഫോണും ചെയ്യാനായില്ല. എന്നാൽ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റെജിയുടെ കാര്‍ പാര്‍ക്കിംഗ് സ്പേസില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ മരിച്ച നിലയില്‍ റെജിയേയും. യുകെയിൽ എത്തി ഒന്നരവർഷം മാത്രം ആയിട്ടുള്ളുവെങ്കിലും യുകെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം.

പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍. ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് യുകെയിൽ നേഴ്സായി ജോലി ചെയ്യുന്നു. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.

റെജി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.