ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യ തൊഴിലാളി ജീവനൊടുക്കി. പറവൂർ മല്യങ്കര സ്വദേശി സജീവൻ ആണ് ജീവനൊടുക്കിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് സജീവൻ ജീവനൊടുക്കിയത്. വ്യാഴഴ്ച രാവിലെയാണ് സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ പേരിലുള്ള നാല് സെന്റ് ഭൂമി തരം മാറ്റി നൽകണമെന്ന് ആവിശ്യപ്പെട്ട് ഒരുവർഷത്തോളമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് സജീവൻ. സ്വകാര്യ ചിട്ടിക്കമ്പനിയിൽ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി സജീവൻ വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ വേണ്ടി നാല് സെന്റ് ഭൂമി പണയപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഭൂമി നിലമാണെന്നും ഇത് തരംമാറ്റി പുരയിടമാക്കിയാലേ വായ്‌പ്പാ ലഭിക്കുകയുള്ളു എന്നു കാര്യം സജീവൻ അറിയുന്നത്. തുടർന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമത്തിലായിരുന്നു സജീവൻ.
ഒരു വർഷം മുൻപാണ് മുത്തക്കുന്നം വില്ലേജോഫീസ് ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകളിൽ ഭൂമി തരംമാറ്റി നൽകുന്നതിനായി സജീവൻ അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ നടപടിയാകാതെ വന്നതിലുള്ള മനോവിഷമമാണ് സജീവന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയും സജീവൻ ആർഡിഒ ഓഫീസിൽ പോയിരുന്നു. എന്നാൽ ആർഡിഒ ഓഫീസിൽ നിന്നും മടങ്ങിയെത്തിയ സജീവൻ അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു.
Leave a Reply