മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.

ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.