ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുഎസിലെ അർക്കൻസാസിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്‌ത വിമാനം തകർന്ന് അഞ്ച് പേർക്ക് ദാരുണാന്ത്യം. ലിറ്റിൽ റോക്കിലെ ബിൽ ആൻഡ് ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിന് സമീപം നടന്ന അപകടത്തിൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ വെളിപ്പെടുത്തി. ഒഹായോയിലെ കൊളംബസിലേക്ക് പോകുകയായിരുന്ന ഇരട്ട എഞ്ചിനുകളുള്ള ബീച്ച് BE20 ആണ് അപകടത്തിൽപെട്ടത്.
പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ലിറ്റിൽ റോക്ക് ആസ്ഥാനമായുള്ള കൺസൾട്ടൻസിയായ സിടിഇഎച്ചിലെ ജീവനക്കാരായിരുന്നുവെന്ന് സ്ഥാപനം അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തിന് സമീപമായി ബുധനാഴ്ച്ച ഉച്ചയോടെയാണ് വിമാനം തകർന്നതെന്ന് പോലീസ് പറഞ്ഞു.
അപകടസമയം വിമാനത്തവാളത്തിന് സമീപം ശക്തമായ കാറ്റിൻെറ സാന്നിധ്യം കാലാവസ്ഥ നിരീക്ഷകർ രേഖപെടുത്തിയിരുന്നു. വിമാനം തകർന്നു വീണപ്പോൾ കാലാവസ്ഥ മോശമായിരുന്നെന്നും എന്നാൽ അതാണോ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് സ്‌ഥിരീകരിക്കാൻ ആയിട്ടില്ലെന്നും പുലാസ്‌കി കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ലെഫ്റ്റനന്റ് കോഡി ബർക്ക് പറഞ്ഞു. നിലവിൽ തുടരന്വേഷണത്തിന് കാലാവസ്ഥ തടസമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു.
Leave a Reply