ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വകാര്യ പാർക്കിംഗ് കമ്പനികളുടെ തീ വെട്ടി കൊള്ള അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ കാർ പാർക്ക് ചെയ്ത് 5 മിനിറ്റിനുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയിലൂടെ കോടികളാണ് സ്വകാര്യ കാർ പാർക്കിംഗ് കമ്പനികൾ ജനങ്ങളെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്.
ഡെർബിയിൽ പാർക്കിംഗിനായി പണം നൽകാൻ അഞ്ച് മിനിറ്റിൽ കൂടുതൽ എടുത്തതിന് മോട്ടോർ വാഹന ഉടമ റോസി ഹഡ്സണെ കഴിഞ്ഞ വർഷം 1906 പൗണ്ട് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചതാണ് നിലവിലെ പിഴ ഈടാക്കുന്ന രീതി മാറ്റി ചിന്തിക്കുന്നതിന് സ്വകാര്യ പാർക്കിംഗ് കമ്പനികളെ പ്രേരിപ്പിച്ചത്. വാഹനം പാർക്ക് ചെയ്തതിന് ശേഷം ഫോൺ ആപ്പ് ഉപയോഗിക്കുന്നതിന് കാലതാമസം എടുത്തതാണ് ഫൈൻ ചുമത്തുന്നതിലേയ്ക്ക് നയിച്ചത്. പല ദിവസങ്ങളിലായി അവർക്ക് 10 പാർക്കിംഗ് ചാർജ് നോട്ടീസുകൾ ആണ് ലഭിച്ചത്.
ഹഡ്സൺ കോടതിയിൽ പോയതോടെ കഴിഞ്ഞ ഡിസംബർ മാസത്തിൽ സ്വകാര്യ കാർ പാർക്കിംഗ് കമ്പനിയായ എക്സൽ വിശദീകരണമില്ലാതെ അവരുടെ കേസ് ഉപേക്ഷിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പ്രവേശന സമയത്ത് പണമടയ്ക്കാൻ ബുദ്ധിമുട്ടുന്ന വാഹനമോടിക്കുന്നവരെ സഹായിക്കാൻ സ്വകാര്യ പാർക്കിംഗ് മേഖലയുടെ പെരുമാറ്റച്ചട്ടം ഒരു പാനൽ പരിഷ്കരിക്കുമെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും (ബിപിഎ) ഇന്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും (ഐപിസി) പ്രഖ്യാപിച്ചു. പേയ്മെന്റ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരണം 2025 ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ഏപ്രിലിൽ പൂർണ്ണ അവലോകനം പ്രതീക്ഷിക്കാമെന്നും അതിൽ പറയുന്നു. ഇത്തരം പിഴകളിലൂടെ ബ്രിട്ടനിലെ സ്വകാര്യ പാർക്കിംഗ് കമ്പനികൾ പ്രതിദിനം 4.1 മില്യൺ പൗണ്ട് സമ്പാദിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
Leave a Reply