കുട്ടികളില്‍ അസ്വസ്ഥതയും ഉന്മാദവുമുണ്ടാക്കുന്ന സീരിയല്‍ ബാര്‍ വിപണിയില്‍ ലഭ്യമാണെന്ന് മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍. സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോണിലുള്ള സെയിന്റ് ആല്‍ബാന്‍സ് പ്രൈമറി ആന്‍ഡ് നഴ്‌സറി സ്‌കൂള്‍ ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്ത് രക്ഷിതാക്കള്‍ക്ക് അയച്ചത്. ആസ്‌ട്രോസ്‌നാക്ക്‌സ് എന്ന പേരിലുള്ള സീരിയല്‍ ബാറിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. പല നിറങ്ങളിലുള്ള സീരിയല്‍ ബാറുകളടങ്ങിയ ഈ സ്‌നാക്ക് ഒരു പര്‍പ്പിള്‍ പ്ലാസ്റ്റിക് പാക്കേജിലാണ് ലഭിക്കുന്നത്. ഒരു അന്യഗ്രഹജീവിയുടെ കാര്‍ട്ടൂണ്‍ ചിത്രവും പാക്കറ്റിലുണ്ട്. കുട്ടികള്‍ക്ക് ഈ പാക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ഹെഡ്ടീച്ചര്‍ റബേക്ക ഹാരിസ് പറഞ്ഞു.

ഈ സ്‌നാക്ക് കഴിച്ചാല്‍ കടുത്ത അസ്വസ്ഥതകളും ഉന്മാദാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വ്യാജ സ്‌നാക്കിനെക്കുറിച്ച് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഐലിംഗ്ടണ്‍, ആര്‍ച്ച് വേ, ഹൈഗേറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. കാംഡെനിലും ഇത് ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത് ആരെങ്കിലും നല്‍കുന്നുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു വ്യാജ സ്‌നാക്ക് ബാര്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും മെറ്റ് പോലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സ്‌നാക്കിനുള്ളില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നതെന്നും മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.