ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോതർഹാം ആശുപത്രിയിൽ അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. യൂസഫ് മഹ്മൂദ് നസീർ(5) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ച ശേഷമാണ് ദാരുണമായ സംഭവം. എന്നാൽ നേരത്തെ രോഗിയെ ചികിത്സിക്കാൻ ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമെന്നാണ് കുടുംബം പറയുന്നത്. തൊണ്ടയിൽ അണുബാധയുമായാണ് കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.

കുഞ്ഞിനെ ഇൻട്രാവണസ് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ റോതർഹാം ഹോസ്പിറ്റലിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചു. എന്നാൽ കുട്ടികളുടെ വാർഡിൽ കിടക്കയില്ലെന്നും, ഡോക്ടർമാർ സ്ഥലത്തില്ലെന്നും പറഞ്ഞു അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു. ആരോപണത്തിനു പിന്നാലെ ആശുപത്രി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ 13ന് യൂസഫിന് തൊണ്ടവേദന ഉണ്ടായെന്നും തൊട്ടടുത്ത ദിവസം ഡോക്ടറെ കാണുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും ചെയ്തു.

തുടർന്ന് കുട്ടിയുടെ നില വഷളായപ്പോൾ സൗത്ത് യോർക്ക്ഷെയറിലെ റോതർഹാം ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷമാണ് യൂസഫിനെ ഒരു ഡോക്ടർ പരിശോധിക്കാൻ എത്തിയത്. പരിശോധനയിൽ ടോൺസിലൈറ്റിസ് സ്ഥിരീകരിക്കുകയും, എന്നാൽ തുടർ ചികിത്സ നിർദേശിച്ചുമില്ലെന്നും കുടുംബം പറയുന്നു. രോഗം മൂർച്ഛിച്ചപ്പോൾ കുട്ടികളുടെ വാർഡിലേക്ക് വിളിച്ചു സഹായത്തിനായി അപേക്ഷിച്ചെന്നും, എന്നാൽ യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.