ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ ഭരണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാമുകി കാരി സിമണ്ട്സിന്റെ ഇടപെടലുകൾക്കെതിരെ അന്വേക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ടോറി പാർട്ടിയിലെ തന്നെ ഉന്നതർ. യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരിക്കെ, ഗവൺമെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ കാരിയുടെ ഇടപെടൽ ശക്തമായി ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഉപദേശകരേയും, സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും കാരി ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് ടോറി പാർട്ടി പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 2019 ൽ ബോറിസ് ജോൺസന്റെയും കാരിയുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്.

ഗവൺമെന്റ് ഉദ്യോഗസ്ഥരെ അപ്പോയിന്റ് ചെയ്യുന്നതിൽ കാരിയുടെ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അടുത്തിയിടെ ഗവണ്മെന്റ് ഉപദേശകരായി നിയമിക്കപ്പെട്ട ബറോനെസ്സ് ഫിൻ, ഹെൻറി ന്യൂമാൻ എന്നിവർ കാരിയുടെ അടുത്ത വിശ്വസ്ഥർ ആണെന്നാണ് ആരോപണം. കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ഉന്നത ചിന്താഗതിക്കാരുടെ കൂട്ടമായ ബോ ഗ്രൂപ്പാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിലോ ഗവൺമെന്റിലോ ഒരു സ്ഥാനവും ഇല്ലാതിരിക്കെ, രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളിലും സിമണ്ട്സിന്റെ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നാണ് വിമർശനം.

ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങളാണ് ഉയർന്നിരിക്കുന്നത്. ബ്രിട്ടനിലെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന രീതിയിലാണ് സിമണ്ട്സിന്റെ ഇടപെടൽ എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം തികച്ചും അസത്യമാണെന്ന് സിമണ്ട്സിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.