ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോർട്ട്ഗേജ് നിരക്കുകളിൽ നേരിയ കുറവ് വന്നത് പുതിയതായി വീടു വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകും . 4 ശതമാനത്തിൽ കുറവുള്ള ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ആണ് വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകൾക്ക് നിറം ചാർത്തിയിരിക്കുന്നത്. ഇത് ഭവന വിപണിയിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് ബ്രോക്കർമാർ പ്രതീക്ഷിക്കുന്നത്.


നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതൽ രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് ഉൽപ്പന്നങ്ങളിൽ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിൻറെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വർഷത്തെ ഫിക്സഡ് ഡീൽ ആണ് നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിൻ്റെ മൂല്യത്തിൻ്റെ 60% വരെ കടം വാങ്ങാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകും. നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തിൽ സമീപ ദിവസങ്ങളിൽ, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉൾപ്പെടെയുള്ള വായ്പാ ദാതാക്കൾ മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 3.99 % മോർട്ട്ഗേജ് നിരക്കുകളിൽ വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ നിരക്കുകൾ ലഭ്യമാകുക. റിമോട്ട് ഗേജ് ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബ്രോക്കർ ജോൺ ചാർകോളിലെ മോർട്ട്ഗേജ് ടെക്നിക്കൽ മാനേജർ നിക്കോളാസ് മെൻഡസ് പറഞ്ഞു.


യുകെയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് വീട് വാങ്ങാൻ മോർട്ട്ഗേജ് കുറയുന്നത് കാത്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതും എല്ലാവരും ഉറ്റു നോക്കുന്ന വസ്തുതയാണ് . ആഗസ്റ്റ് 1-ാം തീയതിയാണ് പലിശ നിരക്കിനെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകനയോഗം കൂടുന്നത്. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായത് പലിശ നിരക്ക് കുറയ്ക്കാൻ കാരണമാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത് .