ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം യുകെയിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സർക്കാർ നൽകും. റിഷി സുനക് പ്രഖ്യാപിച്ച ഈ പദ്ധതി നവംബർ 1 മുതൽ ആറുമാസത്തേക്ക് ആരംഭിക്കും. ഒരു മാസം കോടിക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് ട്രഷറി വൃത്തങ്ങൾ അറിയിച്ചു. ജോലി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ 67% ലഭിക്കുന്ന പദ്ധതിയാണ് ചാൻസലർ മുന്നോട്ട് വച്ചത്. ഫർലോ സ്കീമിന് പകരമായി ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത ജീവനക്കാരുടെ വേതനം ഉയർത്തുന്നതിനായി ജോബ് സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. “പുതിയ നിയന്ത്രണങ്ങളിൽ ഗണ്യമായ സാമ്പത്തിക പിന്തുണയുമായി സർക്കാർ കടന്നുവരുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇത് ഒരു “തുടക്കം” മാത്രമാണ്. ഈ ശൈത്യകാലത്ത് യഥാർത്ഥ ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടങ്ങൾ, ബിസിനസ്സ് പരാജയം എന്നിവ തടയാൻ കൂടുതൽ സഹായം ആവശ്യമാണ്.” ഗ്രേറ്റർ മാഞ്ചസ്റ്റർ, നോർത്ത് ടൈൻ, ഷെഫീൽഡ്, ലിവർപൂൾ എന്നിവയുടെ മേയർമാർ ഒരു പ്രസ്താവനയിൽ പറയുകയുണ്ടായി.

കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് അടച്ചിടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ പുതിയ സ്‌കീം ബാധകമാകൂ. പദ്ധതി ജനുവരിയിൽ അവലോകനം ചെയ്യും. ഒരു ജീവനക്കാരന് പ്രതിമാസം പരമാവധി 2,100 ഡോളർ വരെ ഗ്രാന്റുകൾ നൽകും. കൂടാതെ ജോലികൾ പരിരക്ഷിക്കുമെന്നും നിയന്ത്രണങ്ങൾ എടുത്തുമാറ്റികഴിഞ്ഞാൽ ബിസിനസുകൾ വീണ്ടും വേഗത്തിൽ തുറക്കാൻ ട്രഷറി അനുവദിക്കുമെന്നും പറഞ്ഞു. കൂടാതെ, ഇംഗ്ലണ്ടിൽ അടച്ചിടാൻ നിർബന്ധിതരായ ബിസിനസുകൾക്കായി, ബിസിനസ് ഗ്രാന്റുകളിൽ വർദ്ധനവും പ്രഖ്യാപിച്ചു. പ്രതിമാസം 3,000 പൗണ്ട് വരെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌ കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങൾക്കും കൂടുതൽ ധനസഹായം ലഭിക്കുമെന്ന് ട്രഷറി അറിയിച്ചു.

സർക്കാരിന്റെ മന്ദഗതിയിലുള്ള, കഴിവില്ലാത്ത, മങ്ങിയ പ്രതികരണമാണ് അനാവശ്യ ഉത്കണ്ഠയ്ക്കും തൊഴിൽ നഷ്ടത്തിനും കാരണമായതെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് ഈ നടപടികളെ സ്വാഗതം ചെയ്തെങ്കിലും തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ ജോലിയിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്നതിനായി പദ്ധതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമായി കഴിയുന്ന പ്രദേശത്തെ ചില്ലറ വ്യാപാരികൾക്ക് പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്ന് ഷോപ്പ് വർക്കേഴ് സ് ട്രേഡ് യൂണിയൻ ഉസ് ദാവ് പറഞ്ഞു.