വിമാനയാത്രയിലെ ശല്യക്കാര്‍ സൂക്ഷിച്ചോ. യാത്രക്കിടയിലെ ശല്യക്കാരെ ഒതുക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അടുത്തമാസം സ്ഥിരംപട്ടിക പുറത്തിറക്കുന്നു. പട്ടികയില്‍ പേരുവന്നാല്‍ പിന്നെ നിശ്ചിത കാലത്തേക്ക് വിമാനത്തില്‍ കയറാനോ യാത്ര ചെയ്യാനോ കഴിയില്ല. ഏതൊക്കെ  അച്ചടക്കലംഘനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നുകാട്ടി ചട്ടവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും.

മൂന്ന് മാസം മുതല്‍ അനിശ്ചിതകാലം വരെ വിമാനയാത്ര നിഷേധിക്കുന്ന തരത്തിലാണ് ചട്ടം രൂപപ്പെടുത്തുക. മൂന്ന് തരത്തിലാണ് കുറ്റങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള മോശമായ  പെരുമാറ്റത്തിനും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനും മൂന്ന് മാസം വിലക്ക് കിട്ടും.  ലൈംഗികചുവയോടെയുള്ള പെരുമാറ്റം, കൈയില്‍ കടന്നുപിടിക്കല്‍ തുടങ്ങിയവയാണ് രണ്ടാമത്തെ തലത്തിലുള്ള കുറ്റം.

ആറ് മാസത്തെ വിലക്കായിരിക്കും ഇതിനുള്ള ശിക്ഷ. വിമാനത്തിനുള്ളിലെ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക, ജീവനക്കാരെ മര്‍ദ്ദിക്കുക, അവരുടെ കാബിനില്‍ തള്ളിക്കയറുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ രണ്ട് വര്‍ഷം മുതല്‍ അനിശ്ചിതകാലം വരെ പിന്നീട് ട്രെയിന്‍ യാത്ര കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഇത്തരം വില്ലന്‍മാരുടെ പട്ടികയും പുറത്ത് വിടും.

ഒരോവിമാനക്കമ്പനിയും നിശ്ചയിക്കുന്ന സമിതി യോഗം ചേര്‍ന്നാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഭീഷണിയെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരിത്തുന്നവരും ഈ പട്ടികയിലുണ്ടാവും.