നമ്മളുടെ പ്രവാസജീവിതത്തിൽ വിമാന യാത്രകൾ പലപ്പോഴും നമ്മൾ നടത്താറുണ്ടെങ്കിലും കാലത്തിനു പിന്നിലേക്കൊരു യാത്ര നടന്നതായി നമ്മൾ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല? ചലച്ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച അത്തരമൊരു യാത്ര യാഥാര്‍ഥ്യമായതിന്റെ കൗതുകത്തിലാണ് ലോകം ഇപ്പോള്‍. 2018ല്‍ യാത്രയാരംഭിച്ച് 2017ല്‍ ലാന്‍ഡ് ചെയ്ത വിമാനയാത്രയുടെ വാര്‍ത്ത വാഷിങ്ടന്‍ ഡിസിയുടെ റിപ്പോര്‍ട്ടറായ സാം സ്വീനിയാണ് പുറത്തുകൊണ്ടുവന്നത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ഈ വിമാനം തൊട്ടു മുന്‍പത്തെ വര്‍ഷം ലാന്‍ഡ് ചെയ്തത്! ന്യൂസീലന്‍ഡിനെ ഓക്ക്‌ലന്‍ഡില്‍നിന്ന് യുഎസ് സംസ്ഥാനമായ ഹവായിയിലെ ഹോണോലുലുവിലേക്കു പോയ ഹവായ് എയര്‍ലൈന്‍സ് 446 വിമാനമാണ് കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച് ‘റെക്കോര്‍ഡിട്ടത്’.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017 ഡിസംബര്‍ 31 ന് രാത്രി 11.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് വൈകി ന്യൂസീലന്‍ഡില്‍നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.05നാണ് ഹോണോലുലുവിലേക്കു പുറപ്പെട്ടത്. വിമാനം വൈകിയ ഈ 10 മിനിറ്റാണ് പുതുവർഷത്തിൽ തുടങ്ങി ‘കാലങ്ങള്‍ക്കു പിന്നിലേക്കുള്ള’ യാത്രയ്ക്ക് വഴിയൊരുക്കിയത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം വിമാനം ഹവായിയിലെ ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ അപ്പോഴും പുതുവല്‍സരം പിറന്നിരുന്നില്ല. മാത്രമല്ല, ഡിസംബര്‍ 31ന് രാവിലെ 10.16 ആയതേ ഉണ്ടായിരുന്നുള്ളൂ.

രാജ്യാന്തര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസീലന്‍ഡിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാം സ്വീനി ഇത് ട്വീറ്റു ചെയ്തതോടെയാണ് ലോകം ഇക്കാര്യം ശ്രദ്ധിച്ചത്. ഇത്തരം സംഭവങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നതാണെന്നും അദ്ഭുതപ്പെടാനൊന്നുമില്ലെന്നുമുള്ള പ്രതികരണങ്ങള്‍ വ്യാപകമാണെങ്കിലും ഇത്തരം യാത്രകള്‍ ലോകത്തെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു എന്നാണ് കൂടുതല്‍ പ്രതികരണങ്ങളും വെളിവാക്കുന്നത്.