ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാറ്റ്‌വിക്കും മാഞ്ചസ്റ്ററും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ മൂടൽമഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടു. ക്രിസ്മസ് പുതുവത്സരം ആഘോഷിക്കാൻ പുറപ്പെട്ട പല കുടുംബങ്ങളുടെയും യാത്ര ഇതോടെ തടസ്സപ്പെട്ടു. യാത്രാ തടസ്സം നേരിട്ടവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കനത്ത കാറ്റ് വീശിയതിനെ തുടർന്ന് 100 ഓളം യാത്രാ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പുറമെയാണ് അപ്രതീക്ഷിതമായി മൂടൽ മഞ്ഞ് മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നിരിക്കുന്നത്.


സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകളുടെ എണ്ണം കുറച്ചതായി യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ നാറ്റ്സ് പറഞ്ഞു. ഹീത്രൂവിൽ നിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. വ്യാപകമായ മൂടൽമഞ്ഞ് കാരണം യുകെയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളിൽ ഇന്ന് താൽക്കാലിക വിമാന ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് നാറ്റ്സ് പറഞ്ഞു. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് യാത്ര തുടങ്ങുന്നതിന് മുൻപ് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു . എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളും ഏറ്റവും തിരക്കേറിയ എ-റോഡുകളും നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.