മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ്. പലയിടങ്ങളിലും ദുരിതബാധിതരെ സഹായിക്കാന്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറന്നെങ്കിലും ഭക്ഷണവും മരുന്നും നാപ്കിനുകളുമുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ കുറവാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൊളന്‍റിയര്‍മാര്‍ അറിയിച്ചു.
പലയിടത്തും സാധനങ്ങള്‍ എത്താത്തതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലപ്പുറത്തും രാമനാട്ടുകരയിലും എറണാകുളത്ത് കുസാറ്റ് ക്യാമ്പസിലുമുള്ള ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ എത്തുന്നില്ലെന്ന് വൊളന്‍റിയര്‍മാര്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലും ഇതേ അവസ്ഥയാണുള്ളത്.
കോഴിക്കോട് ജില്ലയിലെ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നില്ലെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിളെന്നും എന്‍ പ്രശാന്ത് ചോദിക്കുന്നു. ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക ഉള്‍പ്പെടെയാണ് നിലവിലെ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. എത്രയും വേഗം ക്യാമ്പുകളിലേക്ക് സാധനങ്ങളെത്തിക്കണമെന്ന അഭ്യര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.
	
		

      
      



              
              
              




            
Leave a Reply