മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.
മുപ്പതോളം വീടുകള്‍ വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ തരുന്ന വിവരം. അങ്ങനെയെങ്കില്‍ മരണസംഖ്യ വളരെയധികം ഉയരാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങള്‍ ദുരന്തത്തില്‍ പൂര്‍ണ്ണമായും അകപ്പെടുകയായിരുന്നു. ഇരുനില വീടുകൾ മേൽക്കൂര പോലും കാണാത്ത വിധം പൂർണ്ണമായും മണ്ണിനടിയിലാണ്. പല സ്ഥലങ്ങളിലും മരത്തലപ്പുകൾ മാത്രമേ കാണുന്നുള്ളൂ. ഒരു കിലോമീറ്ററോളം പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘം എത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ജെ.സി.ബി. മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സന്ധ്യയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. ദുരന്തം സംഭവിച്ച് ഒരു ദിവസം കടന്നു പോയതിനാല്‍ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്.
കനത്ത മഴയില്‍ ഇവിടത്തെ മണ്ണ് കുതിര്‍ന്നു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. കേരളത്തിലെ ഉരുള്‍പൊട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായതാണ് കവളപ്പാറയില്‍ ഉണ്ടായത്. പോലീസും മറ്റ് സര്‍ക്കാരുദ്യോഗസ്ഥരും സ്ഥലം ഒഴിയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വീട്ടുകാരില്‍ പലരും അതിന് തയ്യാറായില്ല എന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
Leave a Reply