ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.
Leave a Reply