വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടു പൂര്‍ണ ഗര്‍ഭിണികളെ സുരക്ഷിതമായ കരക്കെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു കോട്ടയം ഈസ്റ്റ് എസ്‌ഐ ടി.എസ്. റെനീഷും സംഘവും. കൊശമറ്റം ആലൂംമൂട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും, പൊന്‍പള്ളി ഭാഗത്തെ വീട്ടില്‍ നിന്നുമാണു ഗര്‍ഭിണികളെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചത്.
ഇറഞ്ഞാലില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊശമറ്റം ആലൂംമൂട് സ്‌കൂളിലെ ദുരിദാശ്വാസ ക്യാമ്പിലേക്കു വെള്ളം കയറിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഈസ്റ്റ് എസ്‌ഐ റെനീഷും സംഘവും ഇവിടേക്കു എത്തുന്നത്. പോലീസ് സംഘം സ്ഥലത്തെത്തുമ്പോള്‍ ആരും സഹായിക്കാനില്ലാതെ അവസ്ഥയിലായിരുന്നു ക്യാമ്പിലുണ്ടായിരുന്നവര്‍.
തുടര്‍ന്നാണു പൂര്‍ണ ഗര്‍ഭിണിയായ യുവതി ക്യാമ്പില്‍ കഴിയുന്ന വിവരമറിയുന്നത്. ഉടന്‍ ഗര്‍ഭിണിയായ യുവതിയെയും അവരുടെ അമ്മയെയും പോലീസ് സംഘമെത്തിയ ചെറിയ വള്ളത്തില്‍ ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിക്കുന്നത്.
ഇവരെ വള്ളത്തില്‍ കയറ്റി ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിച്ച രണ്ടു കീലോമീറ്റര്‍ ദൂരം വള്ളം മറിയാതെ വള്ളത്തില്‍ പിടിച്ചു കൊണ്ടു ഈസ്റ്റ് എസ്‌ഐ ടി.എസ്. റെനീഷ് നീന്തുകയായിരുന്നു. പീന്നിട് മറ്റൊരു വള്ളമെത്തിച്ചാണു ക്യാമ്പിലുണ്ടായിരുന്നു 160 പേരെയും രക്ഷപ്പെടുത്തിയത്.
ഈ സമയം ഇതുവഴി വള്ളത്തില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ടി.എസ്. റെനീഷിനും സംഘത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. പീന്നിടാണു പൊന്‍പള്ളി ഞാറയ്ക്കല്‍ ഭാഗത്തുള്ള വീട്ടില്‍ ഗര്‍ഭിണിയുള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്.
വിവരം ലഭിച്ച മിനിറ്റുകള്‍ക്കുള്ളില്‍ റെനീഷും സംഘവും സ്ഥലത്തേക്കു കുതിച്ചെത്തി. കുത്തൊഴുക്കുണ്ടായിരുന്ന ഇവിടെ അതിസാഹസികമായി ഡിങ്കി ഉപയോഗിച്ചു വടം കെട്ടിയാണു ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രക്ഷപ്പെടുത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലും തെള്ളകം ചൈതന്യയിലുമാണു പാര്‍പ്പിച്ചിരിക്കുന്നത്.
പീന്നിട് വടവാതൂരിലെ ഫ്‌ളാറ്റില്‍ കുടുങ്ങിപ്പോയ രണ്ടു വയോധികരെയും പോലീസ് സംഘം രക്ഷപ്പെടുത്തി. ഈസ്റ്റ് എസ്‌ഐ ടി.എസ്. റെനീഷ്, എഎസ്‌ഐ നവാസ്, സിപിഒമാരായ അനീഷ്, മോന്‍സി, സുമേഷ് എന്നിവരാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയത്.
Leave a Reply